സംസ്ഥാന പദവി ലഭിച്ചിട്ട് 60 വര്‍ഷമായിട്ടും ഇതുവരെ ഒരൊറ്റ വനിതാ എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനമാണ് നാഗാലാന്‍ഡ്. ഈ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കപ്പെടുമോ എന്നാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. സംസ്ഥാനത്തെ ആദ്യ വനിതാ നിയമസഭാംഗമെന്ന പദവി ലഭിക്കാനായി നാല് വനിതകളാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
നാഗാലാന്‍ഡില്‍ എണ്ണത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍. 6.52 ലക്ഷം പുരുഷന്മാര്ക്ക് 6.55 ലക്ഷം സ്ത്രീകളുണ്ട് സംസ്ഥാനത്ത്. 183 സ്ഥാനാര്‍ത്ഥികളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുന്നതെന്നതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥിത്വം പോലും വനിതകളെ സംബന്ധിച്ച് വളരെ കുറവാണ്. ദിമാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ഹെഖാനി ജാഖാലു(എന്‍ഡിപിപി), ടെനിങില് നിന്ന് കോണ്‍ഗ്രസിന്റെ റോസി തോംസണ്‍, ബിജെപിയുടെ കഹുലി സേമ, എന്‍ഡിപിപിയുടെ സല്‍ഹൗതുവോനുവോ എന്നിവരാണ് സംസ്ഥാനത്തെ ആകെ വനിതാ സ്ഥാനാര്‍ത്ഥികള്‍.
1963ല്‍ സംസ്ഥാന പദവി ലഭിച്ചതിന് ശേഷം 60 അംഗ സഭയിലേക്ക് ഒരു വനിതാ നിയമസഭാംഗത്തെ പോലും നാഗാലാന്‍ഡ് തെരഞ്ഞെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫാങ്നോണ്‍ കൊന്യാക് സംസ്ഥാനത്തെ ആദ്യ വനിതാ രാജ്യസഭാംഗമായത് ചരിത്രമായിരുന്നു. 2018ലെ തെരഞ്ഞെടുപ്പില്‍ 196 സ്ഥാനാര്‍ത്ഥികളില്‍ മത്സര രംഗത്ത് ആകെയുണ്ടായിരുന്നത് അഞ്ച് സ്ത്രീകളാണ്.
സ്ത്രീകള്‍ പൊതുരംഗത്ത് പ്രവേശിക്കുന്നത് തങ്ങളുടെ ആചാരങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണെന്ന് അവകാശപ്പെട്ട് നാഗാലാന്‍ഡിലെ ചില ആദിവാസി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ഏതൊക്കെ സ്ത്രീകള്‍ക്ക് മത്സരിക്കാമെന്ന് തീരുമാനിക്കുന്നത് പുരുഷന്മാരായിരിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 535 പേരില്‍ 188 പേരും സ്ത്രീകളാണ്. ജനുവരി പകുതിയോടെ 140 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് നിന്ന് പിന്മാറി. പക്ഷേ ഇതില്‍ എത്ര പേര് സ്ത്രീകളാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.