തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളിനുള്ളിലേക്ക് മുള്ളൻപന്നി ഓടിക്കയറിയത് ഏറെ നേരം പരിഭ്രാന്തി പരത്തി. കഠിനംകുളം ഗവ എൽ.പി സ്കൂളിലെ ക്ലാസ് മുറിയിലേക്കാണ് മുള്ളന്‍ പന്നി ഓടിക്കയറിയത്. പിന്നീട് സ്കൂളിനുള്ളിലെ ടോയ്ലറ്റിനുള്ളില് കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളൻ പന്നി ഓടി കയറിയത്.
സ്കൂളിൽ പൊതുപരിപാടി നടക്കുന്നതിനാൽ ഈസമയം വിദ്യാർത്ഥികളും അധ്യാപകരും ഓഡിറ്റോറിയത്തിലായിരുന്നു. സ്കൂളിലെ ക്ലാസ് മുറിയിൽ കയറിയ മുള്ളൻ പന്നി, പിന്നീട് വിദ്യാർത്ഥിനികളുടെ ശുചിമുറിക്കുള്ളിലേക്ക് ഓടിക്കയറി. ഇത് അധ്യാപകര്‍ കണ്ടു. തുടര്‍ന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സൗദാ ബീവി എത്തി ടൊയിലറ്റിൽ മുള്ളൻ പന്നിയെ പൂട്ടിയിട്ടുകയായിരുന്നു. ഇതിന് പിന്നാലെ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
തടര്‍ന്ന് പാലോട് ചെക്കോണം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ടോയ്ലറ്റിന് മുന്നില്‍ കൂട് സ്ഥാപിച്ചു. മുള്ളൻ പന്നിയെ രാത്രി 9.30 ഓടെയാണ് കൂടിനുള്ളിലേക്ക് കയറ്റാനായത്. ഏകദേശം നാല് വയസ്സ് പ്രായമുള്ളതാണ് മുള്ളൻ പന്നിയെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ മുള്ളൻ പന്നിയെ പാലോട് റേഞ്ചിലെ കാട്ടിൽ തുറന്ന് വിടും. പാലോട് ചെക്കോണം ഡെപ്യൂട്ടി സ്റ്റേഷൻ ഓഫീസർ കമറുദ്ദീൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അജിത്ത് കുമാർ, പ്രതീപ് കുമാർ, ഷൈജു, ബിനു ഉമ്മർ എന്നിവരുടെ നേതൃത്വത്തിലാണ് മുള്ളൻ പന്നിയെ പിടികൂടിയത്.