ബാഗ്ദാദ്: ബുഷിനെതിരെ ഷൂ എറിഞ്ഞ സംഭവത്തിൽ തനിക്കിപ്പോഴും ദു:ഖമില്ലെന്ന് ഇറാഖിലെ മാധ്യമപ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ മുൽതസർ അൽ സൈദി. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് 2008ൽ നടന്ന സംഭവത്തിൽ വർഷങ്ങൾക്കു ശേഷവും തനിക്ക് ദു:ഖമില്ലെന്ന് മുൽതസർ പറഞ്ഞത്. ലോക ശ്രദ്ധയാകർഷിച്ച സംഭവം 2008ലാണ് നടന്നത്.
20 വർഷം മുമ്പ് അധിനിവേശക്കാരായി കടന്നുവന്ന അതേ ആളുകൾ തന്നെയാണ് പരാജയങ്ങളും അഴിമതിയും അവഗണിച്ച് ഇപ്പോഴും ഭരിക്കുന്നത്. ഇത്തരത്തിലുള്ള കപട രാഷ്ട്രീയക്കാരെ അമേരിക്കയ്ക്ക് നന്നായി അറിയാമെന്നും മുൽതസർ അൽ സൈദി പറഞ്ഞു. അഴിമതിക്കെതിരെ താൻ പ്രചാരണം തുടരുകയാണ്. എന്നാൽ ബുഷിനെതിരെ ഷൂ എറിഞ്ഞതിൽ താൻ ഒരിക്കലും ഖേദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരം, പണം, മീഡിയ, ദുർഭരണം, സേച്ഛാധിപത്യം തുടങ്ങി നിരവധി ഘടകങ്ങൾ കൊണ്ട് ശക്തനായ ഒരാളോട് ഏറ്റവും സാധാരണക്കാരനായ ഒരാൾ നോ പറയുന്നതിന്റെ തെളിവായി അതിനെ കാണാമെന്നും മുൽതസർ അൽ സൈദി പറഞ്ഞു.
2008ൽ വാർത്താസമ്മേളനത്തിനിടയിലായിരുന്നു സംഭവം. ബുഷിനെതിരെ ആക്രോശിച്ചു കൊണ്ടായിരുന്നു ഷൂ എറിഞ്ഞത്. ഇത് ഇറാഖി ജനതയുടെ വിടവാങ്ങൽ ചുംബനമാണെന്ന് പറഞ്ഞായിരുന്നു മുൽതസർ അന്ന് ഷൂ എറിഞ്ഞത്. എന്നാൽ ഇറാഖി ജനതയിൽ നിന്നും സ്വീകാര്യത ലഭിച്ചെങ്കിലും ഇറാഖ് ഗവൺമെന്റ് മുൽതസർ അൽ സൈദിയെ മൂന്നുവർഷത്തേക്ക് തടവുസിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ആറുമാസത്തിനു ശേഷം പുറത്തിറങ്ങിയെങ്കിലും പൂർണ്ണമായും മാധ്യമപ്രവർത്തനം ഉപേക്ഷിച്ച മുൽതസർ അൽ സൈദി ഇറാഖ് യുദ്ധത്തിൽ ദുരിതത്തിലായവർക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു.