കൊച്ചി: എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യ രണ്ട് വർഷത്തിൽ മാത്രം സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയിൽ 35 കോടി രൂപയുടെ സാന്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ചും സർക്കാർ പ്രസ് സൂപ്രണ്ടിന്റെ പരിശോധന ഇല്ലാതെയുമാണ് കെബിപിഎസ്സ് ആവശ്യപ്പെട്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചതെന്ന വ്യക്തമാക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മില്ലുകളിൽ നിന്ന് കേരള ബുക്ക്സ് ആന്റ് പബ്ലിഷിംഗ് കോർപ്പറേഷൻ നേരിട്ട് പേപ്പർ വാങ്ങാൻ തുടങ്ങിയത് മുതലാണ് ക്രമക്കേടിന് കളമൊരുങ്ങിയത്.
2015-- 16 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ പാഠപുസ്തക അച്ചടി വൈകിയതിനെ തുടർന്നാണ് പുതിയ തീരുമാനമെത്തിയത്. രണ്ട് വർഷത്തേക്ക് അച്ചടിക്കാനുള്ള പേപ്പർ മില്ലുകളിൽ നിന്ന് നേരിട്ട് വാങ്ങാൻ 2016 ജനുവരിയിൽ സംസ്ഥാന സർക്കാർ കെബിപിഎസ്സിന് അനുമതി നൽകി.സർക്കാർ പ്രസ് സൂപ്രണ്ട് ബില്ലുകൾ പരിശോധിക്കണമെന്ന വ്യവസ്ഥയിൽ. സ്റ്റേഷനറി വകുപ്പ് ടെണ്ടർ വിളിച്ച് ധനകാര്യ വകുപ്പ് അനുമതിൽ വിദ്യാഭ്യാസ വകുപ്പ് മില്ലുകൾക്ക് നേരിട്ട് പണം നല്കുന്ന രീതി അച്ചടിയിൽ കാലതാമസം വരുത്തുന്നത് ഒഴിവാക്കാനായിരുന്നു ഈ മാറ്റം.എന്നാൽ ഈ ആനുകൂല്യത്തിന്റെ മറവിൽ പിന്നീട് എന്താണ് സംഭവിച്ചത്.2016-17 അദ്ധ്യയന വർഷത്തിലേക്കായി കെബിപിഎസ്സ് നേരിട്ട് ടെണ്ടർ വിളിച്ചത് 83 സെന്റിമീറ്റർ,80 ജിഎസ്എം നിലവാരത്തിൽ 6000 മെട്രിക് ടൺ പേപ്പർ.ടെണ്ടറിൽ റേറ്റ് ക്വോട്ട് ചെയ്യാതെ പങ്കെടുത്ത ആദിത്യ അശ്വിൻ എന്ന കന്പനിയിൽ നിന്ന് വാങ്ങിയത് 19 കോടി 50 ലക്ഷം രൂപയുടെ പേപ്പറുകൾ.
ആന്ധ്രയില് നിന്നുള്ള ഡെല്റ്റ ,ശ്രീ ശക്തി പേപ്പർ മില്ലുകളിൽ നിന്നായി ആകെ മൊത്തം 59 കോടി 73 ലക്ഷം രൂപയ്ക്ക് പേപ്പർ വാങ്ങിയതായി സർക്കാരിന് നൽകിയ ഇൻവോയിസിൽ വ്യക്തം. എന്നാൽ എല്ലാ ബില്ലുകളും സർക്കാർ പ്രസ് സൂപ്രണ്ട് പരിശോധിക്കണമെന്ന ഉത്തരവ് അട്ടിമറിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.എന്നിട്ടും തൊട്ടടുത്ത വർഷം 2017 18 അദ്ധ്യയന വർഷത്തേക്ക് പേപ്പർ വാങ്ങുന്നതിന് 75 കോടി രൂപ കെബിപിഎസ് ആവശ്യപ്പെട്ടപ്പോൾ ഈ തുക അത്രയും സർക്കാർ കൈമാറി.ചോദ്യം ഇനിയാണ്. 2017 ജൂൺ 30 വരെ വാറ്റ് നികുതിയായിരുന്നു. രാജ്യം ജിഎസ്ടിയിലേക്ക് മാറിയത് ജൂലൈ 1 മുതൽ.2017 ,ജൂലൈ 30 വരെ 117 കോടി രൂപ 77ലക്ഷം രൂപയുടെ പേപ്പർ വാങ്ങിയെന്നാണ് കെബിപിഎസ് കണക്കുകൾ.രണ്ട് ശതമാനമായിരുന്നു അന്ന് വാറ്റ് നികുതി.അങ്ങനെ എങ്കിൽ 2.25 കോടി രൂപ എങ്കിലും നികുതി ഇനത്തിൽ കന്പനികൾ അടച്ചിരിക്കണം.എന്നാൽ ഇൻപുട്ട് ക്രെഡിറ്റായി കന്പനികൾ എടുത്തത് 1 കോടി 61 ലക്ഷം രൂപ.ഈ തുക പ്രകാരം പേപ്പർ വാങ്ങിയത് 80 കോടി 50 ലക്ഷം രൂപയ്ക്ക് മാത്രമാണ്. 37 കോടി രൂപയുടെ അധിക തുക കെബിപിഎസ്സ് സർക്കാരിൽ നിന്ന് കൈപ്പറ്റിയത് വ്യാജ ബില്ലുകൾ നൽകിയെന്നാണ് ആരോപണം. പാഠപുസ്തകം അല്ലാതെ കെബിപിഎസ്സ് അച്ചടിക്കുന്ന കൊമേഴ്ഷ്യൽ പ്രിന്റിംഗിനായി എത്തിക്കുന്ന പേപ്പറുകളും കുട്ടികൾക്കുള്ള പാഠപുസ്തക അച്ചടി ഇനത്തിൽ ഉൾപ്പെടുതിയതായാണ് രേഖകൾ പറയുന്നത്.ഈ കാലയളവിൽ ടോമിൻ തച്ചങ്കരിയായിരുന്നു കെബിപിഎസ് എംഡി.
ക്രമക്കേട് ഇവിടെ അവസാനിക്കുന്നില്ലെന്ന് കഴിഞ്ഞ എട്ട് വർഷമായി കെബിപിഎസ്സിലെ പാഠപുസ്തക അച്ചടിക്ക് പിറകെ ഉള്ള വിവരാവകാശപ്രവർത്തകൻ ചങ്ങനാശ്ശേരി സ്വദേശി രതീശൻ എൻ എസ് പറയുന്നു. പാഠപുസ്തക അച്ചടിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രതീശൻ.