മുൻവൈരാഗ്യത്താല്ഡ ഇരുമ്പ് സ്ക്വയർ ട്യൂബ് കൊണ്ട് സഹോദരങ്ങളെ മർദ്ദിച്ച സംഭവത്തിലെ പ്രതിയെ കീഴ്വായ്പ്പൂർ പൊലീസ് പിടികൂടി. കുന്നന്താനം പാലയ്ക്കാത്തകിടി സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ചാക്കോ ജോസഫ് ആണ് അറസ്റ്റിലായത്
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് പാലയ്ക്കാത്തകിടിയിലാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ മക്കളായ അജിത്, അനുജൻ അഭിജിത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ, വാർഡ് മെമ്പറോട് പറഞ്ഞ് ബൾബ് ഇടീച്ചതിലുള്ള വിരോധം കാരണമാണ് ആക്രമണം. വീടിന് മുൻവശം റോഡിൽ, അഭിജിത്തും കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുമ്പോൾ , പ്രതി ചാക്കോ ജോസഫ് ഇവരെ അസഭ്യം വിളിച്ചുകൊണ്ടു കയ്യിലിരുന്ന ഇരുമ്പ് സ്ക്വയർ ട്യൂബ് കൊണ്ട് അജിത്തിന്റെ ഇടതു കാലിൽ മുട്ടിനു താഴെ അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. മർദ്ദനത്തിൽ അസ്ഥിക്ക് പൊട്ടലുണ്ടായി.
തടസ്സം പിടിച്ച അഭിജിത്തിന്റെ വയറിൽ കുത്തുകയും കൈകൊണ്ട് നെഞ്ചത്ത് ഇടിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ 8 മണിക്ക് വീട്ടിലെത്തി ഭീഷണി മുഴക്കുകയുമുണ്ടായി. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അജിത്തിന്റെ പരാതിയിൽ പോലീസ് മൊഴി രേഖപ്പെടുത്തി കേസ് എടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തുനിന്നും ആയുധം കണ്ടെടുത്തു. വീടിന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു, വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.