ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. മകൾക്കും പൈലറ്റിനും ഗുരുതരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. റോമ ഗുപ്ത(63), റീവ ഗുപ്ത എന്നിവരാണ് ഞായറാഴ്ച്ച ചെറു വിമാനത്തിൽ യാത്ര ചെയ്തത്. വിമാനം ലാന്റിങ്ങിന് മുമ്പ് തീ പിടിക്കുകയും തകർന്ന് വീഴുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ റോമ ഗുപ്ത കൊല്ലപ്പെട്ടു.
ലോംഗ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. നാല് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനത്തിൽ യാത്രക്കിടെ തീ പിടിക്കുകയായിരുന്നു. കോക്പിറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി പൈലറ്റ് പറഞ്ഞുവെന്ന് ന്യൂയോർക്ക് ടിവി ചാനലായ എൻബിസി റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരം റിപ്പബ്ലിക് എയർപോട്ട് എയർ ട്രാഫിക് കൺട്രോളേഴ്സിന് കൈമാറിയെങ്കിലും അപകടത്തിൽ നിന്നും രക്ഷപ്പെടാനായില്ല.
ഇരുവർക്കും ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. ഭൂരിഭാഗവും പൊളളലേറ്റതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. നാട്ടുകാരാണ് രണ്ടുപേരേയും വിമാനത്തിൽ നിന്നും വലിച്ചെടുത്ത് രക്ഷിച്ചതെന്ന് നോർത്ത് ലിൻഡൻഹർസ്റ്റ് ഫയർ ഡിപ്പാർട്ട്മെന്റ് ചീഫ് കെന്നി സ്റ്റാലോൻ പറയുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം തുടരും. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
അടുത്തിടെ നടത്തിയ പരിശോധന ഉൾപ്പെടെ നിരവധി പരിശോധനകൾ വിമാനത്തിൽ നടത്തിയിട്ടുണ്ടെന്ന് വിമാനത്തിന്റെ അഭിഭാഷകൻ പറഞ്ഞു.