ജീവനോടെ ശവക്കല്ലറയിലടച്ച സ്ത്രീയെ രക്ഷപ്പെടുത്തി ബ്രസീലിലെ പൊലീസ്. സഹായത്തിന് വേണ്ടിയുള്ള സ്ത്രീയുടെ നിലവിളി കേട്ടതിനെ തുടർന്നാണ് സ്ത്രീയെ ഒടുവിൽ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചത്. വിസ്കോണ്ടെ ഡോ റിയോ ബ്രാങ്കോയിൽ വച്ചാണ് മാർച്ച് 28 -ന് 36 -കാരിയായ സ്ത്രീയെ പൊലീസെത്തി രക്ഷിച്ചത്.
സെമിത്തേരിയിൽ കുഴികുത്തുന്നവരാണ് പുതുതായി ഇഷ്ടികയും സിമന്റും ഉപയോഗിച്ച് ഒരു ശവക്കല്ലറ പണിതിരിക്കുന്നതും സമീപത്ത് രക്തക്കറകളും കണ്ട് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ സ്ത്രീയുടെ സഹായത്തിന് വേണ്ടിയുള്ള നിലവിളി പുറത്ത് കേൾക്കാമായിരുന്നു. പിന്നാലെ പൊലീസ് ശവക്കല്ലറ തുറക്കുകയും സ്ത്രീയെ പുറത്തെടുക്കുകയും ചെയ്തു.
സ്ത്രീ പറയുന്നത് മാസ്ക് വച്ച രണ്ടുപേർ തന്നെ സെമിത്തേരിയിലേക്ക് വലിച്ചിഴച്ചു. അവിടെ വച്ച് അവർ തന്നെ അക്രമിച്ചു. പിന്നാലെ തന്നെ ശവക്കല്ലറയിൽ വച്ച് അടയ്ക്കുകയായിരുന്നു എന്നാണ്. പൊലീസ് പറയുന്നത് പ്രകാരം സ്ത്രീ മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളാണ്. സ്ത്രീ പറഞ്ഞ രണ്ട് പേരുമായി മയക്കു മരുന്നിന്റെ പേരിൽ തർക്കം ഉണ്ടായിരിക്കാം എന്നാണ്. രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട് എങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റിരുന്ന സ്ത്രീയെ ഉടനെ തന്നെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിസ്കോണ്ടെ ഡോ റിയോ ബ്രാങ്കോ മുനിസിപ്പാലിറ്റി സംഭവത്തിന് പിന്നാലെ ഒരു പ്രസ്താവനയും ഇറക്കി. അതിൽ, സംഭവം നടന്നിരിക്കുന്ന പ്രദേശം ഭാഗികമായ അടച്ചതാണ്. കൂടാതെ സുരക്ഷാ സൗകര്യവും വർധിപ്പിച്ചിട്ടുണ്ട്. എങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും മറ്റും ഇവിടെ ഇത്തരം അതിക്രമങ്ങളും മറ്റും കാണിക്കുന്നത് തുടരുക തന്നെയാണ് എന്ന് പറയുന്നു.