കനത്ത ചൂടിൽ ചുട്ടുപൊള്ളുന്നതിനിടയിൽ പശ്ചിമബംഗാളിൽ മഞ്ഞു വീഴ്ച. മഞ്ഞുവീഴ്ച എന്ന് പറഞ്ഞാൽ ചെറിയ മഞ്ഞുവീഴ്ച ഒന്നുമല്ല, കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് പശ്ചിമബംഗാളിലെ മേദിനിപൂരിൽ കഴിഞ്ഞദിവസം വീണത്. 10 കിലോയോളം ഭാരം ഉണ്ടായിരുന്ന ഭീമൻ മഞ്ഞുകട്ട ആകാശത്തുനിന്ന് വീണതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. എന്തെങ്കിലും അസ്വാഭാവികമായത് സംഭവിക്കാൻ പോകുന്നോ എന്ന ഭയമായിരുന്നു പ്രദേശവാസികളെ അലട്ടിയിരുന്നത്.
ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വെസ്റ്റ് മേദിനിപൂർ ജില്ലയിലെ ദേബ്ര ബ്ലോക്കിലെ മോലിഹാട്ടി ഏരിയ നമ്പർ 7 -ലെ ബാലചക് ഏരിയയിലാണ് ഈ അത്ഭുതപ്രതിഭാസം നടന്നത്. ഇവിടുത്തെ ഗ്രാമവാസിയായ നകുൽ ജനയുടെ വീടിന് മുന്നിലാണ് വലിയ ശബ്ദത്തോടെ ഭീമൻ ഐസ് കട്ട വീണത്. ഇതിന്റെ ഭാരം 10-12 കിലോഗ്രാം ആണെന്ന് പറയപ്പെടുന്നു. എന്നാൽ, സംഭവത്തിൽ ആർക്കും പരിക്കില്ല. ഐസ് കട്ട വീണതോടെ ഏറെനേരത്തെക്ക് ജനങ്ങളെല്ലാം വലിയ ആശങ്കയിലായിരുന്നു. എന്നാൽ അപകടകരമായി ഒന്നും ഇല്ല എന്ന് മനസ്സിലായതോടെ ആശങ്ക ആവേശത്തിന് വഴിമാറി.
തീർത്തും അപ്രതീക്ഷിതമായാണ് മഞ്ഞു കട്ട വീണത്. സൂര്യനുദിച്ച് അധികം വൈകാതെ ആയിരുന്നു സംഭവം. ഭാഗ്യവശാൽ ഈ സമയം വീടിനു പുറത്ത് ആരും ഉണ്ടാകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. എന്തോ ശക്തിയായി മുറ്റത്ത് പതിക്കുന്നതിന്റെ ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തേക്ക് വന്നത്. വന്നു നോക്കിയപ്പോഴാണ് 10 കിലോയിൽ അധികം ഭാരമുള്ള ഐസ് കട്ട നിലത്ത് വീണു കിടക്കുന്നത് കണ്ടത്. എന്തെങ്കിലും പ്രകൃതി ദുരന്തത്തിന്റെ സൂചനയാണോ എന്ന ആശങ്ക പ്രദേശവാസികൾക്ക് ഉണ്ടായിരുന്നതിനാൽ ആദ്യമൊന്നും ആരും ഐസ് കട്ടക്ക് അരികിലേക്ക് വരാൻ കൂട്ടാക്കിയില്ല. പിന്നീട് ഭയപ്പെടാൻ തക്കതായി ഒന്നുമില്ല എന്ന് മനസ്സിലായതോടെയാണ് ആളുകൾ ഐസ് കട്ട കാണാൻ എത്തിത്തുടങ്ങിയത്.