ബെംഗളുരു: ബെംഗളുരുവിൽ എയർ ഹോസ്റ്റസായ യുവതി ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച കേസിൽ മലയാളിയായ ആൺസുഹൃത്ത് അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ ഭവൻ സ്വദേശിയും സിംഗപ്പൂർ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗവുമായ അർച്ചന ധീമാൻ ആണ് മരിച്ചത്. ആദേശ് അർച്ചനയെ തള്ളിയിട്ട് കൊന്നതാണെന്ന് അർച്ചനയുടെ കുടുംബം ആരോപിച്ചു.
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ബെംഗളുരുവിലെ കോറമംഗള മല്ലപ്പ റെഡ്ഡി ലേ ഔട്ടിലുള്ള അപ്പാർട്ട്മെന്റിൽ ആൺസുഹൃത്തായ ആദേശിനെ കാണാനെത്തിയതായിരുന്നു അർച്ചന. ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇവർ കഴിഞ്ഞ എട്ട് മാസമായി പ്രണയത്തിലായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ ബെംഗളുരു ഫോറം മാളിൽ സിനിമയ്ക്ക് ഇരുവരും ഒപ്പം പോയി, തിരികെ വരുമ്പോൾ ഒരു പാർട്ടിയിലും പങ്കെടുത്തു.
അർദ്ധരാത്രി വീട്ടിൽ തിരിച്ചെത്തിയ ശേഷം അർച്ചനയും ആദേശും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ബാൽക്കണിയിലേക്ക് പോയ അർച്ചന കാൽ തെറ്റി താഴേയ്ക്ക് വീണു എന്നാണ് ആദേശ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അർച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ആദേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ ആദേശും അർച്ചനയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നെന്നും, ആദേശ് അർച്ചനയെ മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നതാണെന്നുമാണ് ബെംഗളുരുവിലെത്തിയ അർച്ചനയുടെ കുടുംബം ആരോപിക്കുന്നത്. ഇതേത്തുടർന്ന് ആദേശിനെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നതിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന് കോറമംഗള പൊലീസ് അറിയിച്ചു.
28 കാരിയായ അര്‍ച്ചനയെ കൊറമംഗളയിലെ ഹൈ റൈസ് ബില്‍ഡിംഗിന് സമീപത്താണ് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെയാണ് പുരുഷ സുഹൃത്തിനെ കാണാനായി അര്‍ച്ചന ദുബായില്‍ നിന്ന് ബെംഗളുരുവിലെത്തിയത്. ബെംഗളുരുവിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറാണ് ആദേശ്.