പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ദളിത് കുടുംബങ്ങൾ വെള്ളം എടുക്കാതിരിക്കാൻ പൊതു കിണർ ഇടിച്ചു നിരത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മണിമല സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്നാട് തേനി സ്വദേശി കെ അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനിൽ നിന്നും പണം വാങ്ങിയാണ് ഇവർ കിണർ ഇടിച്ച് നിരത്തിയത്.
റിമാൻഡിലായിരുന്ന പ്രതി സെബാസ്റ്റ്യൻ തോമസിന് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് ജാമ്യം കിട്ടുന്നത്. നേരത്തെ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങള്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടു നിന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും ഇവര്‍ പരാതി നല്‍കിയിരുന്നു.
ജാതിവിവേചനം നേരിട്ട ദളിത് കുടുംബങ്ങൾ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്ത് വന്നിരുന്നു. ദളിത് കുടുംബങ്ങൾ ഉപയോഗിച്ച വഴിയടച്ചതും കിണർ മൂടിയതും ഇവർ നേരിട്ട അതിക്രമങ്ങളും അടക്കം പല പരാതികൾ പൊലീസിൽ നൽകിയിരുന്നു. എന്നാൽ ഒന്നിലും സമയോചിതമായി കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിരുന്നില്ല.
രണ്ട് കേസുകളിൽ തെളിവില്ലെന്ന കാരണത്താൽ റാന്നി ഡിവൈഎസ്പിയായിരുന്ന മാത്യു ജോർജ് അന്വേഷണം അവസാനിപ്പിക്കാനും ശ്രമം നടത്തി. കേസുകൾ രജിസ്റ്റർ ചെയ്ത് രണ്ട് വർഷമായിട്ടും ജാതി വിവേചനം കാട്ടിയ പ്രതികളായ ബൈജു സെബാസ്റ്റ്യനും പഞ്ചായത്ത് അംഗം ഷേർളിയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് പ്രതികളെ സഹായിച്ചത് കൊണ്ടാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയില്‍ ആരോപിച്ചിരുന്നു.