ചെറുകുന്ന്: റെയിൽപ്പാളത്തിൽ തളർന്ന് വീണ വയോധികനെ തീവണ്ടി വരുന്നതിനിടെ യുവതി ജീവൻ പണയപ്പെടുത്തി രക്ഷിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണപുരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ നടന്ന് പോകവെ വയോധികൻ പ്ലാറ്റ്ഫോമിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ആ സമയത്ത് കണ്ണൂർ- ചെറുവത്തൂർ വണ്ടിക്ക് കാത്ത് നിൽക്കുക ആയിരുന്ന ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കുഞ്ഞിമംഗലം സ്വദേശി പി അശ്വിനിയാണ് ട്രാക്കിലേക്ക് ചാടി ഇയാളെ രക്ഷപ്പെടുത്തിയത്.
ആ സമയത്ത് കണ്ണൂർ ഭാഗത്ത് നിന്ന് ബെംഗളൂരു വണ്ടി ഈ പാളത്തിലൂടെ വരുന്നുണ്ടായിരുന്നു. ആളുകൾ ചേർന്ന് വയോധികനെ പ്രഥമ ശുശ്രൂഷ നൽകി ആസ്പത്രിയിലെത്തിച്ചു. കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ താമസക്കാരൻ ആയിരുന്നു വയോധികൻ. ധീരതയ്ക്കുള്ള അംഗീകാരമായി അശ്വിനിക്ക് സെലക്ടഡ് കണ്ണപുരം ഉപഹാരം നൽകി ആദരിച്ചു. ക്ലബ് പ്രസിഡൻറ് കെ രവി ഉപഹാരം നൽകി. സെക്രട്ടറി ഇ രഞ്ജിത്ത്, കെ.വി ഷിബു, ടി അഭിലാഷ്, ടി ജുനൈദ് എന്നിവർ പങ്കെടുത്തു.