ക്ലാസ് മുറിയിൽ നിസ്കരിച്ച അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനകൾ. ഇവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നഗരത്തിലുടനീളമുള്ള സ്കൂളുകളിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് സംഘടനകൾ ഭീഷണിപ്പെടുത്തി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലെ ജഹാംഗിരാബാദിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യ സിഎം റൈസ് റഷീദിയ സ്കൂളിൽ കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയിൽ അധ്യാപകർ നിസ്കാരം നടത്തിയത്.
റാഷിദിയ സ്കൂൾ ക്ലാസ് മുറിയിൽ അധ്യാപകർ നിസ്കരിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ക്ലാസിനിടയിൽ എന്തിനാണ് കുട്ടികളെ പുറത്താക്കിയതെന്ന് ചോദിച്ച് സ്കൂൾ മാനേജ്മെന്റ് രണ്ട് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ കെ.ഡി ശ്രീവാസ്തവ വ്യക്തമാക്കി. അതേസമയം വിദ്യാർത്ഥികളെ നിസ്കരിക്കാൻ പ്രേരിപ്പിച്ചെന്ന ആരോപണം ശ്രീവാസ്തവ നിഷേധിച്ചു.
സ്കൂളിൽ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. ഒരു തരത്തിലുള്ള മതപരമായ പ്രവർത്തനങ്ങളും സ്കൂളിൽ അനുവദനീയമല്ല. അതിനാൽ ബന്ധപ്പെട്ട അധ്യാപകർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും. കാര്യം വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്”-ശ്രീവാസ്തവ പറഞ്ഞു. അതേസമയം ബന്ധപ്പെട്ട അധ്യാപകരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്കൃതി ബച്ചാവോ മഞ്ചിന്റെ ചന്ദ്രശേഖർ തിവാരി വ്യാഴാഴ്ച ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് മെമ്മോറാണ്ടം നൽകി.
“പഠന സ്ഥലങ്ങൾ മതപരമായ സ്ഥലങ്ങളാക്കി മാറ്റുകയാണ്. ബന്ധപ്പെട്ട അധ്യാപകരെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ, ഞങ്ങൾ സ്കൂളിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലും” തിവാരി പറഞ്ഞു.