കോഴിക്കോട്: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പേരാമ്പ്രയിൽ നടന്ന സ്വീകരണത്തിന് ആളെയത്തിച്ച സ്കൂൾബസിന് മോട്ടോർ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷൻ ഗവ. ഹൈസ്കൂളിൽ കുട്ടികളെയെത്തിക്കുന്ന ബസാണ് ജാഥക്കായി ഉപയോഗിച്ചത്. കഴിഞ്ഞമാസം 24-നായിരുന്നു പേരാമ്പ്രയിൽ ജാഥക്ക് സ്വീകരണം നൽകിയത്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബസാണെങ്കിലും പരാതിയിൽ പറയുന്നപ്രകാരം ബസ് സർവീസ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് പേരാമ്പ്ര ജോയിൻ്റ് ആർ.ടി.ഒ. പി.പി. രാജൻ നടപടി സ്വീകരിച്ചത്. പെർമിറ്റ് വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി 3000 രൂപ പിഴയും കോൺട്രാക്ട് കാര്യേജ് നിരക്കിൽ അധികനികുതിയായി 11,700 രൂപയുമാണ് ബസ്സുടമയിൽ നിന്ന് ഈടാക്കിയത്. യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് നൽകിയ പരാതിയിലാണ് നടപടി.
സ്കൂൾബസ് കേടായതിനാൽ വാടകയെടുത്ത ബസാണ് സ്കൂളിനുവേണ്ടി ഓടുന്നതെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നത്. വാടക നൽകിയാണ് ബസ് വിളിച്ചതെന്ന് സി.പി.എം. നേതാക്കളും വ്യക്തമാക്കി. കുട്ടികളെ എത്തിക്കുന്ന ജോലികഴിഞ്ഞാൽ മറ്റാവശ്യങ്ങൾക്ക് ഓട്ടം പോകാമെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ, സ്കൂൾബസ് എന്ന നിരക്കിൽ കുറഞ്ഞ നികുതിയാണ് ബസിന് അടച്ചിരുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി.
പരാതി ഉയർന്നതിനുശേഷം കുട്ടികളെ കൊണ്ടുപോകാൻ ബസ് സ്കൂളിൽ ഉപയോഗിക്കുന്നില്ല. മുൻപ് സ്കൂൾബസിന്റെ പേര് എഴുതി മഞ്ഞപെയിന്റടിച്ചാണ് ഓടിയിരുന്നത്. ഇപ്പോൾ ടൂറിസ്റ്റ് വാഹനമായി വെള്ളപെയിന്റടിച്ചാണ് ഓടുന്നത്. എന്നാൽ പരാതിയിൽ പറയുന്ന മറ്റൊരു ബസ് ഇത്തരത്തിൽ ഓടിയതായി കണ്ടെത്താനായിട്ടില്ലെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.