അപ്രതീക്ഷിതമായി ഉണ്ടായ തീ പിടിത്തത്തിൽ നിന്ന് വീട്ടുകാരെ അത്ഭുതകരമായി രക്ഷിച്ച് വളർത്തു പൂച്ച. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. പൂച്ചയുടെ അത്ഭുതകരമായ ഇടപെടലിൽ ഒരു കുടുംബത്തിലെ ആറു പേർക്കാണ് ജീവൻ തിരിച്ച് കിട്ടിയത്. അലീസ ജോൺ ഹാളും അവരുടെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളുമാണ് വളർത്തു പൂച്ചയുടെ ഇടപെടലിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇവരുടെ വളർത്തു പൂച്ചയായ ആറ് മാസം മാത്രം പ്രായമുള്ള നൈനയാണ് സംഭവിക്കാമായിരുന്ന വലിയൊരു ദുരന്തത്തിൽ നിന്നും തന്റെ ഉടമയെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തിയത്.
മാർച്ച് മൂന്നിന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വീട്ടിലുള്ള ആരെയും ഉറങ്ങാൻ സമ്മതിക്കാത്ത വിധം നൈന ഉറക്കെ കരയുകയും ഉറങ്ങിക്കിടന്ന തന്റെ ഉടമ ജോൺ ഹാളിന്റെ ശരീരത്തിൽ ചാടി കയറി വീണ്ടും വീണ്ടും ശബ്ദമുണ്ടാക്കുകയും ചെയ്തു. എന്നാൽ, ജോൺ ഹാൾ കരുതിയത് നൈന കളിക്കുന്നതായിരിക്കുമെന്നാണ്. അതുകൊണ്ട് തന്നെ അവൾ അത് കാര്യമായി എടുത്തില്ല. ഒടുവിൽ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ അവൾ ഉണരുകയും പൂച്ചയെ മുറിയിൽ നിന്ന് ഉറക്കി വിടാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ഇറക്കി വീടാനായി നൈനയെ മുറിയുടെ പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് എന്തോ പുകഞ്ഞു കത്തുന്ന മണം അവൾക്ക് അനുഭവപ്പെട്ടത്.
എന്താണെന്ന് അറിയാനായി താഴത്തേ നിലയിലേക്ക് ചെന്നപ്പോൾ അവിടെ മുഴുവൻ കറുത്ത പുക വ്യാപിച്ചിരുന്നു. അപകടം മനസ്സിലാക്കിയ അവർ ഉടൻ തന്നെ ഭർത്താവിനെയും കുട്ടികളെയും വിളിച്ചുണർത്തി വീടിന് പുറത്ത് കടക്കുകയായിരുന്നു. എന്നാൽ, അവർ വൈകിയാണ് അറിയുന്നത് തങ്ങളോടൊപ്പം നൈന ഇല്ലെന്ന്. വീണ്ടും അവർ കെട്ടിടത്തിനുള്ളിൽ കയറി പരിശോധിച്ചെങ്കിലും അവളെ രക്ഷിക്കാനായില്ല. കാരണം അപ്പോഴേയ്ക്കും അവൾ മരണപ്പെട്ടിരുന്നു.
ജോൺ ഹാളിന്റെ മൂത്ത മകന്റെ മുറിയിലാണ് നൈനയുടെ ശരീരം കണ്ടെത്തിയത്. തീ കത്തിപ്പടർന്നത് അറിയാൻ അൽപ്പം വൈകിയിരുന്നെങ്കിൽ തങ്ങളുടെ കുടുംബത്തിലെ ആർക്കും രക്ഷപ്പെടാൻ ആകില്ലായിരുന്നുവെന്നാണ് ജോൺ ഹാൾ പറയുന്നത്. സ്വന്തം ജീവൻ നൽകിയാണ് തങ്ങളുടെ പൂച്ചക്കുട്ടി തന്റെ കുടുംബത്തിലെ എല്ലാവരെയും രക്ഷിച്ചതെന്നും ജോൺ ഹാൾ ദുഖത്തോടെ കൂട്ടിച്ചേർത്തു.