തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാല് എംഎൽഎമാർക്ക് പരിക്കേറ്റതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിലെ മുതിർന്ന എംഎൽഎ മാരിലൊരാളായയ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഡെപ്യൂട്ടി ചീഫ് മാർഷൽ ആദ്യം ആക്രമിച്ചത്. അതിന്റെ കൂടെ ഭരണകക്ഷിയിലെ എംഎൽഎമാർ മന്ത്രിമാരുടെ സ്റ്റാഫ് ഇവരെല്ലാവരും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. നാലു പേർക്കാണ് പരിക്കേറ്റത്. സനീഷ് കുമാർ എഎൽഎ, എകെ എം അഷ്റഫ്, ടിവി ഇബ്രാഹിം, കെകെ രമ എന്നിവർക്കാണ് ആക്രമണമേറ്റത്.
സനീഷ് കുമാർ ബോധരഹിതനായി വീണതിന് ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. ബാക്കിയുള്ള 3 എംഎൽഎമാർക്കും പരിക്കേറ്റു. എന്തിന് വേണ്ടിയാണ്, ഇവർ ആരോടാണ് അസംബ്ലിക്ക് അകത്തും പുറത്തും ധിക്കാരം കാണിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. നിയമസഭ കൂടുമ്പോൾ അവർക്കിഷ്ടമുളള കാര്യങ്ങൾ പറയാൻ വേണ്ടി മാത്രമാണോ ഞങ്ങൾ വരുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
വച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്നും എംഎല്‍എ കെ കെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശം. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടികയറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു.