സ്വന്തം വിവാഹത്തിൽ പങ്കെടുക്കാൻ ആരെങ്കിലും മറക്കുമോ? ഇതെന്ത് വിചിത്രമായ ചോദ്യം എന്നാണെങ്കിൽ അത്തരത്തിലൊരു വിചിത്രമായ സംഭവം കഴിഞ്ഞ ദിവസം ബിഹാറിൽ നടന്നു. ബിഹാറിലെ ഭഗൽപൂരിലെ സുൽത്താൻഗഞ്ച് ഗ്രാമത്തിലാണ് സംഭവം. അമിതമായി മദ്യപിച്ചതിനെ തുടർന്ന് സ്വന്തം വിവാഹമാണെന്ന കാര്യം വരൻ മറന്നു പോകുകയായിരുന്നു. ഇതിനെ തുടർന്ന് രോഷാകുലയായ വധു വിവാഹം വേണ്ടന്ന് വച്ചു.
വിവാഹ തലേന്ന് രാത്രി സുഹൃത്തുക്കളോടൊപ്പം അമിതമായി മദ്യപിച്ചതോടെയാണ് വരൻ തന്റെ വിവാഹക്കാര്യമേ മറന്നുപോയത്. കഹൽഗാവിലെ അന്തിച്ചാക്കിൽ നിന്ന് സുൽത്താൻഗഞ്ചിലേക്ക് വിവാഹ ഘോഷയാത്രയായാണ് വരനും സംഘവും എത്തേണ്ടിയിരുന്നത്. എന്നാൽ വരൻ വിവാഹക്കാര്യം തന്നെ മറന്നു പോയതോടെ സംഗതികൾ കുഴഞ്ഞു. എന്നാൽ, ഈ സമയം ഇതൊന്നും അറിയാതെ വധുവും വീട്ടുകാരും കതിർ മണ്ഡപത്തിൽ കാത്തുനിൽക്കുകയായിരുന്നു. എന്നാൽ വരൻ എത്താത്തതിനെ തുടർന്ന് ഇവർ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വരന് സ്വബോധം വന്നതും തന്റെ വിവാഹ കാര്യം ഓർമ്മ വന്നതും ചൊവ്വാഴ്ചയും. ബോധം വന്ന ഉടൻതന്നെ വിവാഹം കഴിക്കാനായി അയാൾ വധുവിന്റെ വീട്ടിലെത്തി. എന്നാൽ വധു ഇയാളെ വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു. വിവാഹാവശ്യങ്ങൾക്കായി ചെലവാക്കിയ പണം തിരികെ നൽകണമെന്ന് വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടു. തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ വാക്കു തർക്കം ഉണ്ടായതിനെ തുടർന്ന് പൊലീസ് എത്തി പ്രശ്നം രമ്യതയിൽ പരിഹരിച്ചു.
ഏതാനും ദിവസം മുൻപ് മറ്റൊരു സംഭവത്തിൽ ഉത്തർപ്രദേശിൽ വധുവിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കിട്ടിയ മാർക്ക് കുറവാണ് എന്ന് ആരോപിച്ച് വരൻ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ സ്ത്രീധനം നൽകിയ തുക കുറഞ്ഞു പോയതാണ് വരൻ വിവാഹത്തിൽ നിന്നും പിന്മാറാനുള്ള യഥാർത്ഥ കാരണം എന്ന് വധുവിന്റെ പിതാവും ആരോപിച്ചിരുന്നു.