ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫിസർ എം ജിഷമോൾക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ടെന്ന് കണ്ടെത്തൽ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായാണ് പരാതി. നേരത്തെ ആലപ്പുഴ മാരാരിക്കുളത്തെ കൃഷി ഓഫിസറായിരുന്നു എം ജിഷമോൾ. അവിടെ വച്ചും ചില ക്രമക്കേടുകൾ നടത്തിയിരുന്നതായാണ് റിപ്പോർട്ട്
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിലാകുന്നത് ഇന്ന് ഉച്ചയോടെയാണ്. എടത്വ കൃഷി ഓഫീസർ എം ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. എന്നാൽ ഇയാൾക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇപ്പോൾ കളരിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോൾ.
കൃഷി ഓഫീസറെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ ഡിവൈഎസ്പി എൻ ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യന്നത്. മോഡലിംഗ്, ഫാഷൻ ഷോകളിൽ സജീവമായിരുന്നു ജിഷമോൾ.