ചെന്നൈ: മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. ആന്ധ്രപ്രദേശ് സ്വദേശിയായ മൂന്നാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥി പുഷ്പക്ക് ശ്രീ സായിയാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. അളകനന്ദ ഹോസ്റ്റലിലെ 273ആം നമ്പർ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഒരു മാസത്തിനിടെ മദ്രാസ് ഐഐടിയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർത്ഥി സ്റ്റീഫൻ സണ്ണി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു. ഐഐടി കാമ്പസിലെ മഹാനദി ഹോസ്റ്റലിൽ ഒരു മുറിയിൽ ഒറ്റയ്ക്കാണ് സ്റ്റീഫൻ സണ്ണി താമസിച്ചിരുന്നത്. രാവിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികൾ വാർഡനെ വിവരമറിയിച്ചു. മുറി തുറന്ന് നോക്കിയപ്പോൾ സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്തതാണെന്നാണ് കോട്ടൂർപുരം പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമെ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു. അതേസമയം ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിരുന്നില്ല. ചെന്നൈ ഐഐടി ക്യാമ്പസിലെ മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം മുമ്പ് വലിയ വിവാദമായിരുന്നു