പത്തനംതിട്ട വെട്ടൂരില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ ബാബുക്കുട്ടന് (അജേഷ് കുമാര്‍) എന്ന യുവാവിനെ പൊലീസ് കാലടിയില്‍ നിന്ന് കണ്ടെത്തി. ബാബു കുട്ടനെ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.യുവാവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ കാലടിയില്‍ നിന്ന് പൊലീസിന് കണ്ടെത്താന്‍ സാധിച്ചത്. തട്ടിക്കൊണ്ട് പോയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ബാബുക്കുട്ടനില് നിന്ന് തേടിവരികയാണ്
KL 11 BT 7657 എന്ന നമ്പരിലുള്ള പീച്ച് നിറത്തിലുള്ള ഇന്നോവയില്‍ ഉച്ച കഴിഞ്ഞ് 2.40 ന് വന്ന സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്ന് ബാബുക്കുട്ടനെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയത്. ബഹളം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കല്ലു പെറുക്കി എറിഞ്ഞതു കൊണ്ട് കാറിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ന്നിരുന്നു.കാര്‍ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. ബാബുക്കുട്ടനെ വലിച്ച് ഇറക്കുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു.ഇയാള്‍ ആരുമായും പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
വീട്ടിനുള്ളില്‍ കയറി ബാബുക്കുട്ടനെ പിടിച്ചു കൊണ്ടു പോകാന്‍ എത്തിയ ഒരാളുടെ ചിത്രം വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ കോഴിക്കോട് ഉണ്ണികുളം വട്ടക്കണ്ടി സ്വദേശിയെന്നാണ് സൂചന. എന്തിനാണ് ഇവര്‍ ബാബുക്കുട്ടനെ തട്ടിക്കൊണ്ടു പോയതെന്നത് അറിയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.