കോഴിക്കോട്: കോഴിക്കോട് ഊര്‍ക്കടവ് താറോല്‍ പ്രദേശത്ത് രൂക്ഷമായി ചെള്ള് ശല്യം. ആറ് കുടുംബങ്ങളാണ് ചെള്ള് ശല്യം മൂലം പൊറുതിമുട്ടുന്നത്. പ്രാണി നിയന്ത്രണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. ചെള്ള് ശ ല്യം രൂക്ഷമായതിനാൽ ദുരിതത്തിലായിരിക്കുകയാണ് ഊര്‍ക്കടവ് തറോലില്‍ നിവാസികള്‍. പേന്‍ വിഭാഗത്തില്‍ പെടുന്ന പ്രത്യേക തരം ചെള്ളാണ് ഈ പ്രദേശത്ത് ഉള്ളതെന്നാണ് ജില്ലാ വെക്ടര്‍ കണ്ട്രോള് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് ചെള്ള് ശല്യം തുടങ്ങിയിട്ട്. ആടുവളര്‍ത്തുന്ന ഈ വീട്ടിലാണ് ശല്യം രൂക്ഷമായത്. ഈര്‍പ്പമുള്ള ആട്ടിന്‍ കൂടിന് അടിവശവും പറമ്പിലും വീടിനകത്തും ചെള്ള് വ്യാപിക്കുകയായിരുന്നു. അതേസമയം, ചെള്ളിനെ നശിപ്പിക്കാനുള്ള നടപടികള്‍ വെക്ടര്‍ കണ്ട്രോള് ഉദ്യോഗസ്ഥര്‍ തുടങ്ങി. മരുന്ന് തളിച്ചാണ് ചെള്ളിനെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി.
ചോരകുടിക്കുന്ന ഇത്തരം ചെള്ളുകള്‍ ടൈഫസ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന് സ്ഥലം സന്ദര്‍ശിച്ച വെക്ടര്‍ കട്രോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെള്ള് നിയന്ത്രിച്ച ശേഷം കൂടുതല്‍ പഠനം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടടി ഉയരത്തില്‍ മാത്രം പറക്കുന്ന ചെള്ളുകളാണ് ഈ പ്രദേശത്ത് കണ്ടെത്തിയിരിക്കുന്നത്. ഇവ കടിച്ചാല്‍ ചൊറിച്ചില്‍ നാലുമണിക്കൂറോളം നീളുമെന്നാണ് സമീപ വാസികള്‍ പറയുന്നത്.