തിരുവനന്തപുരം: അനധികൃത സർവീസ് നടത്തിയ ബോട്ട് പിടികൂടിയ പൊഴിയൂർ എസ് ഐയെ ഫോണിൽ വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ തെക്കേതെരുവ് കുപ്പയിൽ വീട്ടിൽ മഹീൻ (34) ആണ് പിടിയിലായത്.
പൂവാറിലെ നെയ്യാറിൽ അനധികൃതമായി സർവ്വീസ് നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി സ്വീകരിച്ച പൊഴിയൂർ എസ് ഐ സജികുമാറിനെയാണ് ഇയാൾ ഫോണിൽ വിളിച്ച് തെറിപറയുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. പ്രതി പൂവാറിൽ ലൈസൻസ് ഇല്ലാതെ ബോട്ട് ക്ലബ്ബ് നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ലൈസൻസ് ഇല്ലാത്ത വിനോദ സഞ്ചാരികളെ കൊണ്ട് ബോട്ട് സർവ്വീസ് നടത്തിക്കുകയും ഇവരിൽ നിന്ന് അമിത ചാർജ്ജ് ഈടാക്കുകയും ചെയ്തതിനെ തുടർന്ന് പൊഴിയൂർ എസ്.ഐ സജികുമാർഇയാളുടെ ബോട്ട് പിടികൂടുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ മാഹീൻ എസ് ഐ സജികുമാറിനെ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.
ഇതിന് പിന്നാലെയാണ് എസ്ഐയെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത് പിന്നാലെ ഇയ്യാളുടെ പൂവാറിലെ ബോട്ട് ക്ലബ് സ്ഥാപനം പൊലീസ് താഴിട്ട് പൂട്ടി. ഒളിവിലായിരുന്ന മാഹീൻ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചശേഷമാണ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. കോടതി നിർദ്ദേശപ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചതായി പൂവാർ എസ്ഐ പറഞ്ഞു.