എറണാകുളം: മൂവാറ്റുപുഴ കടാതിയിൽ ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 6.15 നായിരുന്നു അപകടം നടന്നത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റലുമായി കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് കടാതിയിലെ ഇരുചക്ര വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി മറിഞ്ഞത്. ഏഴ് ഇരുചക്ര വാഹനങ്ങൾക്കും, ടെസ്റ്റ് ഡ്രൈവിന് ഉപയോഗിക്കുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.