യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്തെ, ക്ലാസ്മുറിയിലെ ഇടവേളകളില്‍ നടന്ന പാട്ട് സഭകളെ ഓര്‍ത്തെടുത്ത് എ.എ റഹീം എംപി. കണ്ണൂർ മയ്യില്‍ നടക്കുന്ന അരങ്ങുത്സവ വേദിയിൽവച്ച് സുഹൃത്തും ഗായകനുമായ ഇഷാന് ദേവിനെ കണ്ടുമുട്ടിയതാണ് ഓര്‍മകളിലേക്ക് നയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കിട്ടത്.
സൗഹൃദക്കൂട്ടിലെയ്ക്ക് ഒരു ദിവസം ഒരു ജൂനിയർ പയ്യൻ വന്നു.ആദ്യ ദിവസം തന്നെ അവൻ ഹീറോ ആയി.പിന്നെ സ്ഥിരം ഞങ്ങളുടെ അരികിലെ പാട്ടുകാരനായി. ഞങ്ങളുടെ ക്ളാസ്മുറിയിൽ മാത്രമല്ല, യൂണിവേഴ്സിറ്റി കോളേജിന്റെ ഇടനാഴികളിലെ മധുരമായ സൗഹൃദ സദസ്സുകളിലെല്ലാം അവന്റെ ശബ്ദം ഒഴുകി. യൂണിവേഴ്സിറ്റി കോളേജിലെ വേദികളിൽ നിന്നും തുടങ്ങിയ അവൻ ഇന്ന് തെന്നിന്ത്യയിലെ പ്രിയപ്പെട്ട പാട്ടുകാരിൽ ഒരാളായി വളർന്നു. ഇഷാന് ദേവ്.
ഞങ്ങളുടെ ക്ളാസിൽ സംസ്കാരയുടെ ക്യാമ്പയിൻ നടക്കുമ്പോഴാണ് വയലിനിൽ വിസ്മയം തീർക്കുന്ന ഒരു മഹാ പ്രതിഭയെ ഞാൻ ആദ്യമായി കണ്ടത്, അവനെ കേട്ടത്, ആസ്വദിച്ചത്..ബാലഭാസ്കർ .ബാലുവിന്റെ വയലിൻ അന്ന് ഞങ്ങൾക്കെല്ലാം ഒരു ലഹരിയായിരുന്നു. പിന്നെ ജാസി ഗിഫ്റ്റ്. യൂണിവേഴ്സിറ്റി കോളേജിന്റെ ആ കാലഘട്ടത്തിന്റെ സംഭാവനയായിരുന്നു ജാസി ഗിഫ്റ്റെന്നും റഹീമിന്റെ കുറിപ്പില്‍ പറയുന്നു.