മിക്കവാറും എല്ലാവരുടെയും ജീവിതത്തിലെ ഒരു വലിയ സ്വപ്നം തന്നെയാണ് വിവാഹം. എന്നാൽ എത്ര ആഗ്രഹിച്ചിട്ടും എത്ര ശ്രമിച്ചിട്ടും ബീഹാറിലെ ഈ നാല് ഗ്രാമങ്ങളിൽപ്പെട്ട യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നേയില്ല. അതിനുള്ള കാരണം കൂടി കേൾക്കുമ്പോഴാണ് ശരിക്കും അമ്പരന്ന് പോകുക. ലോകം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഈ ഗ്രാമങ്ങളുടെ സാമൂഹിക അവസ്ഥയാണ് ഇവിടുത്തെ ചെറുപ്പക്കാരുടെ ജീവിതത്തിൽ വിലങ്ങ് തടിയായി നിൽക്കുന്നത്.
ബിഹാറിലെ ലഖിസാരായിയിലെ പാത്വ, കൻഹായ്പൂർ, പിപാരിയ ദിഹ്, ബസൗന എന്നീ നാല് ഗ്രാമങ്ങളിൽപ്പെട്ട യുവാക്കള്‍ക്കാണ് ഈ ദുരവസ്ഥ. കാര്‍ഷിക ഗ്രാമങ്ങളായ ഈ ഗ്രാമങ്ങളിൽ ഒരിടത്തും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്നോളം ഒരു റോഡ് പോലും പണിതിട്ടില്ല എന്നതാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിപ്പിക്കുന്ന പ്രധാന പ്രശ്നം. രൂക്ഷമായ യാത്ര പ്രശ്നം കാരണം മറ്റ് ജില്ലകളിലുള്ളവർ ആരും തങ്ങളുടെ പെൺമക്കളെ ഈ ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം കഴിച്ച് കൊടുക്കാൻ തയ്യാറല്ല. ഏതാണ്ട് പത്ത് വര്‍ഷത്തോളമായി ഇതാണ് തങ്ങളുടെ അവസ്ഥയെന്ന് ഗ്രാമവാസികള്‍ പറയുന്നു. 30 വയസിന് മുകളില്‍ അവിവാഹിതരുള്ള ആണുങ്ങളാണ് ഇവിടെയുള്ളവരില്‍ ഏറെയും.
റോഡുകൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ പോകാനോ ആശുപത്രി സൗകര്യങ്ങൾ കൃത്യസമയത്ത് നേടാനോ ഒന്നും ഇവർക്ക് സാധിക്കാറില്ല. മതിയായ യാത്ര സൗകര്യമില്ലെന്ന ഒറ്റക്കാരണത്താൽ വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാത്ത നിരവധി യുവാക്കളാണ് ഈ ഗ്രാമങ്ങളിൽ ഉള്ളത്. നിരവധി തവണ തങ്ങളുടെ ഗ്രാമങ്ങളുടെ ദുരവസ്ഥ പ്രധാനമന്ത്രിയും എംപിമാരും ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും അത് കേട്ടതായി പോലും ഭാവിക്കുന്നില്ലെന്നാണ് ഈ ഗ്രാമത്തിലുള്ളവർ ആരോപിക്കുന്നത്. എന്തുകൊണ്ടാണ് തങ്ങളുടെ ഗ്രാമങ്ങളോട് മാത്രം ഈ അവഗണന അധികാരികൾ തുടരുന്നത് എന്ന് ഇവർക്കറിയില്ല. മതിയായ റോഡ് സൗകര്യമില്ലാത്തത് കൊണ്ട് തന്നെ കിലോമീറ്ററുകൾ നടന്നാണ് അത്യാവശ്യഘട്ടങ്ങളിൽ പോലും ഇവർ യാത്ര ചെയ്യുന്നത്.
സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞിട്ടും റോഡില്ലാത്തതിന്റെ പേരില്‍ കര്‍ണ്ണാടകയിലെ കാർവാറിലെ അൻകോള താലൂക്കിലെ ബെരഡെ ഗ്രാമത്തിലെ നാട്ടുകാർ മൃതദേഹം തുണിയില്‍ കെട്ടി ശ്മശാനത്തിലേക്ക് എത്തിച്ചത് ഇന്ത്യയില്‍ വലിയ വാര്‍ത്തയായിരുന്നു. സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലമായിട്ടും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്കും റോഡ് നിര്‍മ്മിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ലെന്നതതാണ് ഈ വര്‍ത്തകളിലൂടെ പുറത്ത് വരുന്നത്.