തന്നെ വിവാഹം കഴിക്കാതിരിക്കാന്‍ ‘വ്യാജമരണം’ സൃഷ്ടിച്ച കാമുകനെതിരെ പരാതി നല്കി കാമുകി. യുഎഇയിലാണ് കേസിനാസ്പദമായ സംഭവം. ഇരുപതുകാരിയായ അറബ് യുവതിയാണ് കാമുകനെതിരെ പരാതി നല്‍കിയത്.
തനിക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്നും ഇതിനായി വിദേശത്ത് ചികിത്സ നടത്തണമെന്നും യുവാവ് യുവതിയോട് പറഞ്ഞിരുന്നു. വിദേശത്ത് ചികിത്സയ്ക്കായി വലിയ തുക വേണമെന്ന് പറഞ്ഞ് കാമുകിയില്‍ നിന്നും ഇയാള്‍ പണം കടം വാങ്ങുകയും ചെയ്തു.
2,15,000 ദിര്‍ഹമാണ് യുവതി കാമുകന് നല്‍കിയത്. എന്നാല്‍ പണം കൈപ്പറ്റിയ ശേഷം പ്രതി തന്നെ കാണാന്‍ പോലും വന്നിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ചിഡ് ഓഫ് ചെയ്തെന്നും യുവതി ആരോപിച്ചു. തുടര്‍ന്ന് ഇയാള്‍ മരിച്ചെന്ന് സഹോദരന് കാമുകിനെ അറിയിച്ചു. പക്ഷേ താനയാളെ നേരിട്ട് കണ്ടെന്നും മരണം വ്യാജമായി ചിത്രീകരിച്ചതാണെന്നും യുവതി പറഞ്ഞു. പ്രതിയെ കണ്ടതോടെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും പണം തിരികെ ചോദിക്കുകയും ചെയ്തു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.പ്രതിയുമായി താന്‍ അടുപ്പത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാലാണ് പണം നല്‍കിയതെന്നും യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.