ദില്ലി: വ്യക്തികളുടെ സ്വകാര്യജീവിതത്തിൽ ഇടപെടില്ലെന്നും പക്ഷേ വിവാഹമെന്ന സമ്പ്രദായം നയപരമായ വിഷയമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. സ്വവർഗ വിവാഹങ്ങളെ എതിർത്ത് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. സർക്കാർ വ്യക്തികളുടെ സ്വകാര്യജീവിതത്തിൽ ഇടപെടില്ലെന്നും വിവാഹമെന്ന സമ്പ്രദായം നയപരമായ വിഷയമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ വ്യക്തികളുടെ സ്വാതന്ത്ര്യം, വ്യക്തിപരമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യില്ല. അതിനെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരിക്കണം. കൃത്യമായ ഒരു വേർതിരിവ് തന്നെ പറയുന്നുണ്ടെന്നും പാർലമെന്റിന്റെ പുറത്ത് മാധ്യമങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
സ്വവർഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമാണ്. ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ദില്ലി ഹൈക്കോടതിയിൽ വന്ന ഒരു കൂട്ടം ഹർജികളിൽ അന്നും കേന്ദ്രം സമാനമായ നിലപാടാണ് എടുത്തത്. അടുത്തയാഴ്ച സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കുന്നുണ്ട്. ആ ഹർജിയിൽ കേന്ദ്രം സമാനമായ നിലപാട് അറിയിച്ചിരിക്കുന്നു എന്നാണ് അറിവ്.
ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകുന്ന ഒന്നല്ല ഇത്. മാത്രമല്ല ഇന്ത്യയിലെ നിലവിലെ പാരമ്പര്യവുമായി, ഭാരതസംസ്കാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ സ്വവർഗ വിവാഹത്തെ അംഗീകരിക്കാൻ കഴിയില്ല എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. സ്വവർഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് കൊണ്ട് ഇതിന് നിയമപരമായി സാധ്യതയില്ല എന്നും കേന്ദ്രം വ്യക്തമാക്കുന്നു.