കൈക്കൂലി വാങ്ങുന്നതിനിടെ കർണാടക ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ. എംഎൽഎ മാടൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് മാടലിനെയാണ് ബംഗളുരുവിലെ ലോകായുക്തയുടെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓഫീസിൽ നിന്ന് 1.7 കോടിയിലധികം രൂപ കണ്ടെടുത്തു.
പ്രശാന്ത് മണ്ഡലിന്റെ വസതിയിൽ ലോകായുക്തയുടെ അഴിമതി വിരുദ്ധ വിഭാഗം വെള്ളിയാഴ്ച റെയ്ഡ് നടത്തി 6 കോടി രൂപ കണ്ടെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്. വ്യാഴാഴ്ച രാവിലെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിരൂപാക്ഷപ്പയുടെ മകനെ കർണാടക ലോകായുക്ത ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്നാണ് ലോകായുക്ത പരിശോധന നടത്തിയത്.
മാടൽ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിൽ (BWSSB) ചീഫ് അക്കൗണ്ടന്റാണ്. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ചെയർമാനാണ് മാടൽ വിരൂപാക്ഷപ്പ. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.