ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ തീ അണയ്ക്കാന്‍ കണ്ണൂര്‍ റീജിയണിലെ സിവില്‍ ഡിഫന്‍സ് ഇന്ന് കൊച്ചിയിലെത്തി.
റീജിയണിലെ വിവിധ നിലയങ്ങളില്‍ നിന്നായി 21 അംഗ സംഘമാണ് ഇന്നലെ വൈകുന്നേരം യാത്ര പുറപ്പെട്ടത്.
അതേസമയം , കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്നുയരുന്ന പുക പൂര്‍ണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരുകയാണ്. ഹിറ്റാച്ചികളുടെ സഹായത്തോടെ പുകയൊതുക്കാനുള്ള ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നടപ്പാക്കുന്ന പ്രത്യേക കര്‍മ്മ പദ്ധതിക്കും ഇന്ന് തുടക്കമാകും. ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു വരില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍ വ്യക്തമാക്കി. അജൈവ മാലിന്യം വാതില്‍പ്പടി ശേഖരണം നടത്തി സംസ്കരിക്കാനാണ് തീരുമാനം.
ഇതിനിടെ, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തില്‍ നിര്‍ണ്ണായക ഇടപെടലുമായി കേരള ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സമിതി ബ്രഹ്മപുരം സന്ദര്‍ശിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഹൈക്കോടതി ഡിവിഷന് ബഞ്ച് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
ശുചിത്വ മിഷന് ഡയറക്ടര്‍, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ജില്ലാ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍ കോര്പ്പറേഷന് സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവരുള്‍പ്പെട്ടതാണ് സമിതി. ബ്രഹ്മപുരത്ത് പരിശോധന നടത്തി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എട്ട് സെക്ടറുകളില്‍ ആറ് സെക്ടറിലെ തീ അണച്ചു എന്നും രണ്ട് സെക്ടറുകളില്‍ പുക ഉയരുന്നുണ്ട് എന്നും കോര്പ്പറേഷന് സെക്രട്ടറി കോടതിയെ അറിയിച്ചു.
ദിവസങ്ങളായി വിവിധ ജില്ലകളില്‍ നിന്നുള്ള ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാര്‍ക്കൊപ്പം സിവില്‍ ഡിഫന്‍സ് വാര്ഡന്മാരും തീ അണയ്ക്കാനുള്ള പരിശ്രമം തുടരുകയാണ്.
|