വീണ്ടും വിവാദ പരാമർശവുമായി സസ്പെൻഷനിലായ ബിജെപി എംഎൽഎ ടി രാജ സിംഗ്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായാൽ, ‘നാം രണ്ട്, നമുക്ക് രണ്ട്’ നയത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ വോട്ടവകാശം ലഭിക്കുകയുള്ളുവെന്ന് പരാമർശം. ഹൈദരാബാദിൽ രാമനവമി ആഘോഷത്തിനിടെ നടന്ന റാലിയിൽ സംസാരിക്കവെയാണ് രാജ സിംഗ് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയത്.
രാജ്യം ഹിന്ദു രാഷ്ട്രമായാൽ ‘നാം രണ്ട്, നമുക്ക് രണ്ട്’ നയത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ വോട്ടവകാശം ലഭിക്കൂ. ‘നാം അഞ്ച്, നമുക്ക് 50’ നയം പിന്തുടരുന്നവരെ വോട്ടുചെയ്യാൻ അനുവദിക്കില്ല. ഹിന്ദു രാഷ്ട്രം എങ്ങനെയായിരിക്കുമെന്ന് നമ്മുടെ സന്യാസിമാർ ചിത്രീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ഹിന്ദു രാഷ്ട്രത്തിന്റെ ഭരണഘടനയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനം ഡൽഹി ആയിരിക്കില്ലെന്നും കാശി, മഥുര, അയോധ്യ എന്നിവയിൽ ഒന്നിനെ തെരഞ്ഞെടുക്കുമെന്നും ടി രാജ പറഞ്ഞു.
ഹിന്ദു രാഷ്ട്രം കർഷകർക്ക് നികുതി രഹിതമായിരിക്കുമെന്നും, ഗോഹത്യയും മതപരിവർത്തനവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ടി രാജയുടെ പ്രസ്താവനയിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. നിലവിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. അതിനിടെ ഈ ആഘോഷത്തിനിടെ നടന്ന റാലിയിൽ മഹാത്മാഗാന്ധിയുടെ ഘാതകനായ ‘നാഥുറാം ഗോഡ്സെ’യുടെ ചിത്രം കണ്ടത് വിവാദമായിരുന്നു. രാജയുടെ അനുയായികളാണ് നാഥുറാം ഗോഡ്സെയുടെ പോസ്റ്ററുകൾ കയ്യിലെടുത്ത് റാലിയിൽ പങ്കുചേർന്നത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.