റിയാദ്: രണ്ടു ഭീകരർക്ക് മക്ക പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ അലി ബിന്‍ ഉമര്‍ ബിന്‍ മൂസ അൽഅഹ്മരി, ഇബ്രാഹിം ബിന്‍ അലി ബിന്‍ മർഇ ഹുറൂബി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്. ഇരുവരും ഭീകര സംഘത്തില്‍ ചേർന്ന് പ്രവർത്തിക്കുകയും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി ആയുധങ്ങളും വെടിയുണ്ടകളും ലഭ്യമാക്കുകയും സുരക്ഷാ സൈനികരെ വധിക്കാന്‍ ലക്ഷ്യമിട്ട് സുരക്ഷാ വകുപ്പ് കേന്ദ്രങ്ങള്‍ നിരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ഇബ്രാഹിം ഹുറൂബി ഭീകര സംഘാംഗങ്ങൾക്ക് ധന, മാനസിക പിന്തുണ നൽകുകയും വിധ്വംസക പ്രവർത്തനങ്ങൾക്ക് വേണ്ടി ബോംബുകള്‍ നിർമിക്കാന്‍ ശ്രമിക്കുകയും സുരക്ഷാ സൈനികരെയും സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങളും ലക്ഷ്യമിട്ട് ചാവേറാക്രമണത്തിന് പദ്ധതിയിടുകയും ചെയ്തതായും, ഭീകരനായ അലി അൽഅഹ്മരി ഭീകര സംഘത്തെ പിന്തുണക്കുകയും ഭീകര നേതാവിന് അനുസരണ പ്രതിജ്ഞ ചെയ്യുകയും ബെൽറ്റ് ബോംബ് കൈവശം വെക്കുകയും ചെയ്തതായും തെളിഞ്ഞിരുന്നു.
വിവിധ സമയങ്ങളിലായി മൂന്നു ബാലന്മാരെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സൗദി പൗരനെയും കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലാണ് ഹാനി ബിന്‍ ഈസ ബിന്‍ മുഹമ്മദ് അൽ അവാദ് എന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യത്യസ്ത സംഭവങ്ങളിലാണ് ഇയാള്‍ ബാലന്മാരെ തട്ടിക്കൊണ്ടുപോയത്.
ഇതിന് പുറമെ തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന ഒരു യുവാവിന്റെ വധശിക്ഷയും ഈയാഴ്ച നടപ്പാക്കിയിരുന്നു. ചൊവ്വാഴ്ച രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹൈദര്‍ ബിന്‍ നാസര്‍ ബിന്‍ ജസബ് അല്‍ താഹിഫ എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.