പാനൂർ: വളഞ്ഞവടിയും പന്തുമായി മൈതാനങ്ങളിൽ നിന്ന് മൈതാനങ്ങളിലേക്ക് പറന്നു നടന്ന ഓർമ്മകളുമായി ഇവിടെയുണ്ട്. വീട്ടമ്മയായ ഒരു രാജ്യാന്തര ഹോക്കി കളിക്കാരി.
പാനൂർ കുന്നോത്ത് പറമ്പിലെ സനിഷ പുല്ലാപ്പള്ളി.
97-98 കാലഘട്ടങ്ങളിൽ ചിറ്റാരിപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ ഹോക്കിയിൽ സ്റ്റേറ്റ് ലെവലിൽ കളിച്ച മിന്നും താരം. നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ ഹോക്കി ടീമിൻ്റെ ക്യാപ്റ്റനായിരുന്നു സനിഷ. റൈറ്റ് ബേക്ക് ആയിരുന്നു സ്ഥാനം. ചിറ്റാരിപ്പറമ്പ് സ്കൂളിലൂടെ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ തുടർപഠനം.
പിന്നീട് ദീർഘകാലം കളിയിൽ നിന്ന് വിട്ട് നിന്നതിന് ശേഷം വീട്ടമ്മയായി 20 വർഷത്തിനുശേഷം കൊല്ലത്ത് വെച്ച് നടന്ന മാസ്റ്റേഴ്സ് ഗെയിംസ് ഹോക്കിയിൽ കണ്ണൂർ ജില്ലക്ക് വേണ്ടി വീണ്ടും കളിക്കാൻ ഇറങ്ങിയതാണ് വഴിത്തിരിവായത്.
അഞ്ചാമത് മാസ്റ്റേഴ്സ് ഗെയിംസ് ഹോക്കിയിൽ ഉത്തർപ്രദേശിൽ വാരണാസിൽ വെച്ച് നടന്ന ഹോക്കിയിൽ ഫെബ്രുവരി 11ന് നടന്ന കളിയിൽ കേരളത്തിനുവേണ്ടി വീണ്ടും സ്റ്റിക്കെടുക്കാൻ കഴിഞ്ഞു. രണ്ടാം സ്ഥാനവും കിട്ടി അന്ന്.
വരുന്ന മെയ് മാസം നടക്കുന്ന സൗത്ത് കൊറിയയിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് ഗെയിംസ് ഹോക്കിയിൽ കളിക്കാൻ അവസരം വന്നിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായി നിൽക്കുകയാണ്. വലിയചിലവ് വരുന്ന കൊറിയൻ ട്രിപ്പ് പോകുന്നതിൽ തീരുമാനമായിട്ടില്ല. ഹോക്കിയിൽ തിരിച്ചു വന്നതിൽ വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും നല്ല പിന്തുണ കിട്ടുന്നുണ്ടെന്ന് സനിഷ പറയുന്നു .
കുന്നോത്തുപറമ്പ് കക്കാട്ട് വയലിലെ പുല്ലാപ്പള്ളി ജയദേവൻ്റെ ഭാര്യയാണ്. ഡിഗ്രിക്ക് പഠിക്കുന്ന അമേഗ്, പ്ലസ്ടു വിൽ പഠിക്കുന്ന അർഷിൻദേവ് മക്കളാണ്.