തന്റെ കടയിൽ നിന്ന് പഴം വാങ്ങാനെത്തുന്ന എല്ലാവർക്കും സൗജന്യമായി പുസ്തകങ്ങൾ സമ്മാനിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു പഴകച്ചവടക്കാരൻ. തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശിയായ ഇദ്ദേഹം തന്റെ കടയിൽ നിന്ന് ആര് പഴങ്ങൾ വാങ്ങിയാലും അവർക്ക് സൗജന്യമായി ഒരു പുസ്തകം നൽകും. യുവ തലമുറയിൽ വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 63 കാരനായ ഇദ്ദേഹം ഇത്തരത്തിലൊരു ശീലം വർഷങ്ങളായി തുടർന്ന് പോരുന്നത്.
തഞ്ചാവൂർ പൂക്കര തെരുവ് സ്വദേശിയായ ഖാജാ മൊയ്തീൻ എന്ന കച്ചവടക്കാരനാണ് ഇത്തരത്തിൽ വേറിട്ടൊരു ശൈലി തന്റെ ജീവിതത്തിൽ പിന്തുടരുന്നത്. കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവിയായ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് തന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും ചെയ്യുന്നത്. 'സഖാവ് പഴക്കട' എന്നർത്ഥം വരുന്ന 'തൊഴർ ഫ്രൂട്ട് സ്റ്റാൾ' എന്നാണ് അദ്ദേഹം തന്റെ വീടിനോട് ചേർന്നുള്ള ചെറിയ കടയ്ക്ക് നൽകിയിരിക്കുന്ന പേര്. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് ഇദ്ദേഹം അവരുടെ 'സഖാവ്' ആണ്.
11 വർഷം മുമ്പ് ഇദ്ദേഹത്തിന്റെ മകൻ മരിച്ചത് മുതലാണ് ഇത്തരത്തിൽ കടയിൽ വരുന്നവർക്ക് പുസ്തകം നൽകുന്ന സമ്പ്രദായം അദ്ദേഹം ആരംഭിച്ചത്. മകന്റെ മരണം ഉണ്ടാക്കിയ ശ്യൂനതയിൽ നിന്നും കരകയറാനായിരുന്നു ഇത്തരമൊരു ശീലം ആരംഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ ഖാജാ മൊയ്തീന്റെ കടയിൽ നിന്ന് സാധനം വാങ്ങുന്നവരെല്ലാം അദ്ദേഹത്തിന്റെ സ്ഥിരം ഇടപാടുകാരാണ്. പുസ്തകങ്ങൾ വായിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി, നേതാക്കളുടെ ജീവചരിത്രങ്ങൾ, കുട്ടികളുടെ കഥകൾ, തമിഴ് - ഇംഗ്ലീഷ് നിഘണ്ടു തുടങ്ങിയ പുസ്തകങ്ങളൊക്കെയാണ് ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുന്നത്.
ഒമ്പതാം ക്ലാസ്സ് വരെ മാത്രമാണ് പഠിച്ചതെങ്കിലും വായനയോട് ചെറുപ്പം മുതൽ വലിയ താൽപ്പര്യമാണന്നും വാനയിലൂടെ കിട്ടിയതാണ് തന്റെ എല്ലാ അറിവുകളുമെന്നാണ് അദ്ദേഹം പറയുന്നത്. പുതുതലമുറയും അറിവിന്റെ മഹത്വം അറിയാനാണ് ഇങ്ങനെയൊരു കാര്യം താൻ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല വിവാഹശേഷം തന്റെ ഭാര്യയെ പഠിപ്പിച്ച് അധ്യാപികയാക്കി. കൂടാതെ ഖാജാ മൊയ്തീന്റെ മകനാകട്ടെ വക്കീൽ പഠനം പൂർത്തിയാക്കിയ വ്യക്തിയായിരുന്നു. അറിവും വിദ്യാഭ്യാസവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തെന്നാണ് ഈ മനുഷ്യൻ വിശ്വസിക്കുന്നത്. മരണശേഷം തന്റെ ശരീരം തഞ്ചാവൂർ മെഡിക്കൽ കോളജിന് ദാനം ചെയ്യാനുള്ള സമതപത്രവും എഴുതികഴിഞ്ഞു ഖാജാ മൊയ്തീൻ.