തിരുവനന്തപുരം: സംസ്ഥാന പൊലിസിൽ വീണ്ടും ഇന്ധന ക്ഷാമം. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. ഇന്ന് രാവിലെ ഇന്ധനം നൽകിയത് പ്രസിഡന്റ് സന്ദർശനത്തിന്റെ ഭാഗമായ ട്രയൽ റണ്ണിന് മാത്രമായിരുന്നു. എണ്ണക്കമ്പനിക്ക് കുടിശികയുള്ളതിനാൽ ഡീസൽ വിതരണം നിർത്തിവെച്ചെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശത്തിനോട് അനുബന്ധിച്ച പട്രോളിംഗിന് പോലും വാഹനങ്ങളിൽ ഇന്ധനമില്ലാത്ത സ്ഥിതിയാണ്. പൊലീസ് സ്റ്റേഷൻ വാഹനങ്ങൾ പലതും ഓടുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പൊലീസ് വാഹനങ്ങളിലാണ് പ്രതിസന്ധി നേരിടുന്നത്.
അതിനിടെ സംസ്ഥാനത്ത് പൊലീസ് സേനയ്ക്കായി സർക്കാർ പുതുതായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. തൈക്കാട് പൊലീസ് ഗ്രൗണ്ടിലാണ് ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. പൊലിസ് സ്റ്റേഷനുകള്‍, കണ്ട്രോള് റൂമുകള്‍, സ്പെഷ്യൽ യൂണിറ്റുകള്‍ എന്നിവടങ്ങളിലേക്കാണ് വാഹനങ്ങള്‍ നൽകുക. ഡിജിപിയും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ മൂന്ന് മാസമായി പൊലീസിൽ പ്രതിസന്ധി നേരിടുന്നുണ്ട്. പത്ത് ലിറ്റർ വരെയാണ് ഒരു ദിവസം പൊലീസ് സ്റ്റേഷന് അനുവദിച്ചിരുന്നത്. ഇത് പോലും തീർന്ന സ്ഥിതിയാണ്. ഒരു കോടിയോളം രൂപ എണ്ണക്കമ്പനിക്ക് പൊലീസ് സേന നൽകാനുണ്ട്. ഇതോടെയാണ് ഡീസൽ നൽകുന്നത് എണ്ണക്കമ്പനി നിർത്തിയത്.