ബിജെപി നടത്തിയ പരിപാടിയിൽ ഹനുമാനെ അവഹേളിച്ചു എന്ന ആരോപണവുമായി കോൺഗ്രസ്. ശുദ്ധീകരിക്കാനായി കോൺഗ്രസ് പ്രവർത്തകൻ ഗംഗാജലം തളിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഹിന്ദു ധർമം അവഹേളിക്കപ്പെട്ടതിനാൽ ഹനുമാൻ ചാലിസ ചൊല്ലാൻ മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽ നാഥ് പ്രവർത്തകർക്ക് നിർദ്ദേശം നൽകി.
മാർച്ച് 4, 5 തീയതികളിൽ രത്ലമിൽ വച്ച് നടന്ന 13ആമത് മിസ്റ്റർ ജൂനിയർ ബോഡിബിൽഡിങ്ങ് മത്സരത്തിനിടെ ഹനുമാൻ്റെ ചിത്രത്തിനു മുന്നിൽ വനിതാ ബോഡിബിൽഡർമാർ പോസ് ചെയ്തതുമായി ബന്ധപ്പെട്ടാണ് വിവാദം. ഇതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകർ വേദി ശുദ്ധീകരിക്കാനായി ഗംഗാജലം തളിച്ചു. അവർ ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കമൽ നാഥിൻ്റെ ഇടപെടൽ.
രത്ലമിൽ ബിജെപി നടത്തിയ പരിപാടിക്കിടെ ബജ്റംഗ്ബലി ദേവൻ എങ്ങനെയാണ് അവഹേളിക്കപ്പെട്ടതെന്ന് നമ്മൾ കണ്ടു. ഹിന്ദു ധർമം അവഹേളിക്കപ്പെട്ടത് എൻ്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. രാമായണത്തിൻ്റെ സുന്ദരകാണ്ഡവും ഹനുമാൻ ചാലിസയും ചൊല്ലി പൈശാചിക പ്രതിമകൾ കത്തിച്ച് നന്മയെ ഉണർത്താൻ ഞാൻ ആഹ്വാനം ചെയ്യുന്നു. ഇന്ന് രാത്രിയിലെ ഹോളിക ദഹനിൽ എല്ലാവരും പങ്കെടുക്കുക.’- അദ്ദേഹം ട്വീറ്റ് ചെയ്തു.
ബോഡിബിൽഡിങ്ങ് പരിപാടിയിലെ ക്ഷണക്കത്ത് പ്രകാരം ബിജെപി മേയർ പ്രഹ്ലാദ് പട്ടേൽ ഉൾപ്പെടെയുള്ളവർ സംഘാടക സമിതിയിലുണ്ടായിരുന്നു.