പാസ്പോര്‍ട്ട് സേവനത്തിന്റെ പേരില്‍ യുവതിയില്‍ നിന്ന് പണം തട്ടിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്. പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയവ കഴിയുന്നിടത്തോളം അപേക്ഷകരുടെ സ്വന്തം കമ്പ്യൂട്ടർ, മൊബൈല്‍ ഫോണ്‍ വഴി മാത്രം ചെയ്യണമെന്നാണ് നിര്‍ദേശം. അല്ലെങ്കില്‍ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കാനും നിര്‍ദേശമുണ്ട്.
വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിലൂടെ സമര്‍പ്പിക്കുന്ന രേഖകള്‍, ഫോട്ടോ, മൊബൈല്‍ ഫോണ്‍ നമ്പർ തുടങ്ങിയവ അവരുടെ കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടും എന്നതിനാലാണ് സ്വന്തം ഉപകരണത്തില്‍ നിന്ന് ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. അത് പിന്നീട് ദുരുപയോഗം ചെയ്തേക്കാം എന്നതാണ് ജാഗ്രതക്ക് കാരണം. പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയില്‍ നിന്നാണ് ഓണ്‍ലൈന്‍ കുറ്റവാളികള്‍ പണം തട്ടിയെടുത്തത്. പരാതിയിന്മേല് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.
വിദേശത്തേക്ക് പോകുന്നതിന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു യുവതി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് വേണ്ടി കൊറിയര്‍ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ യുവതിയെ ബന്ധപ്പെട്ടത്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഡെലിവറി ചെയ്യുന്നതിന് വിലാസം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞ് ഒരു ലിങ്ക് മൊബൈല്‍ ഫോണിലേക്ക് അയച്ചു നല്‍കിയിരുന്നു. രണ്ട് മണിക്കൂറിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തിരിച്ചയക്കുകയും റദ്ദാക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുക ആയിരുന്നു.
തുടര്‍ന്ന്, ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ നിര്‍ദ്ദേശം ലഭിച്ചു. ഇത് ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നുള്ള കൊറിയര്‍ തിരിച്ച് അയക്കുമെന്നും പി സി സി റദ്ദാകുമെന്നും ഭീഷണിപ്പെടുത്തി. അപ്രകാരം ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ ബേങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുക ആയിരുന്നു.