മൂന്നാര്‍: ഇടുക്കിയില്‍ വന്യമൃഗങ്ങളുടെ ആക്രമണം പെരുകുന്നു. മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടംതൊഴിലാളിക്ക് ഗുരുര പരിക്കേറ്റു. മൂന്നാര്‍ നല്ലതണ്ണി വെസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന മോഹനാണ് പരിക്കേറ്റത്. രാവിലെ എസ്റ്റേറ്റില്‍ വെള്ളമെത്തിക്കാന്‍ പൈപ്പ് തുറന്നുവിടുന്നതിന് പോയ തോട്ടംതൊഴിലാളിയെ ആണ് കാട്ടുപോത്ത് ആക്രമിച്ചത്.
ഇയാളെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നല്ലതണ്ണി വെസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന മോഹനന്റെ നെറ്റിയിലും പുറത്തും വയറ്റിലും പരിക്കുണ്ട്. പൈപ്പിന് സമീപത്തെ പൊന്തക്കാട്ടില്‍ നിന്നും അടുത്തെത്തിയ കാട്ടുപോത്ത് ഇയാളെ കൊമ്പില്‍ തൂക്കിയെടുത്ത് എറിയുകയായിരുന്നു. രാവിലെ 11 മണിയോടെ അയിരുന്നു സംഭവം.
പൊന്തക്കാട്ടിലെ അനക്കം കണ്ട് ഞെട്ടി മാറുന്നതിന് മുന്നെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നുവെന്ന് മോഹനന് പറഞ്ഞു. പ്രദേശത്ത് സ്ഥിരമായി കാട്ടുപ്പോത്തിന്റെ സാനിധ്യം ഉള്ളതാണ്. അതുകൊണ്ടുതന്നെ സൂക്ഷിച്ചാണ് പോയത്. എന്നാല്‍ മിന്നല്‍ വേഗത്തില്‍ കാട്ടുപ്പോത്ത് എത്തുകയായിരുന്നുവെന്ന് മോഹനന് പറഞ്ഞു.
അതിനിടെ പൂപ്പാറ തലകുളത്ത് വീണ്ടും ഒറ്റയാന് 'അരിക്കൊമ്പന്റെ' ആക്രമണമുണ്ടായി. കൊച്ചി ധനുഷ്കോടി ദേശീയ പാതയിലൂടെ പലച്ചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന തകര്‍ത്തു. ശേഷം വാഹനത്തില്‍ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നും മൂന്നാറിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനമാണ് വെളുപ്പിന് അഞ്ചു മണിയോടെ ആന തകര്‍ത്തത്.
അക്രമസക്തനായ 'അരിക്കൊമ്പനെ' കണ്ടതോടെ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. മറ്റ് നടപടികള്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം എത്തിയതിന് ശേഷം തീരുമാനിക്കും.