ആത്മീയതയുടെ ചിരസ്മരണയായ ബേലൂർ മഠത്തിൽ മതസൗഹാർദ്ദ സന്ദേശമുണർത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ ബാവയുടെ സന്ദർശനം. ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠത്തിലെത്തിയ ബാവയ്ക്ക് ഊഷ്മള സ്വീകരണമാണ് മഠാധിപതി സ്വാമി സ്മരണാനന്ദയും സംഘവും ഒരുക്കിയത്.
മുൻപ് തൃശ്ശൂരിൽ പുറനാട്ടുകരയിലെ ശ്രീ രാമകൃഷ്ണ ആശ്രമം കാതോലിക്ക ബാവ സന്ദർശിച്ചിരുന്നു. ഓർത്തഡോക്ൾസ് സഭ കൊൽക്കത്ത ഭദ്രാസ്സാണത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന് കൊൽക്കത്തയിൽ എത്തിയ തിരുമേനി ആശ്രമ ആസ്ഥാനം സന്ദർശിക്കുകയായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും വാക്കുകളും സന്ദേശങ്ങളും കാലത്തിന്റെ വഴിവിളക്കുകളാണെന്ന് ബാവ പറഞ്ഞു. അവ ഒരിക്കലും കെടാതെ തലമുറകൾക്ക് വെളിച്ചമാകും. ഇന്ത്യയുടെ ആത്മീയപാരമ്പര്യത്തെ ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ ശ്രീരാമകൃഷ്ണ മിഷൻ വഹിക്കുന്ന പങ്ക് വലുതാണെന്നും ബാവ അഭിപ്രായപ്പെട്ടു.
മഠാധിപതി സ്വാമി സ്മരണാനന്ദ, കാതോലിക്ക ബാവ നേതൃത്വത്തിൽ നടക്കുന്ന കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അവ ജന നന്മയ്ക്ക് ഏറെ പ്രയോജനകരം ആയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കാതോലിക്ക ബാവയെ അഭിനന്ദിച്ചുകൊണ്ട് സ്വാമി പറഞ്ഞു.