കാഞ്ഞിരക്കൊല്ലിയിൽ വീണ്ടും കടുവ ഭീതി; കാമറയും കൂടും സ്ഥാപിക്കണമെന്ന് നാട്ടുകാർ
ശ്രീകണ്ഠപുരം: പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിൽ കടുവയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്നുപേരാണ് വിവിധ ഭാഗങ്ങളിലായി കടുവയെ കണ്ടതായി പറയുന്നത്. കർണാടക വനത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണിത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മറ്റുവല്ല ജീവിയും ആകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
കടുവയെന്ന് കേട്ടതോടെ ഒറ്റയ്ക്ക് പോകുന്നവരെ തടഞ്ഞു ജാഗ്രത നിർദേശം നൽകി. സമീപ പ്രദേശമായ ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ പീടിക കുന്നിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ഇതാണ് നാട്ടുകാരിൽ ഭീതി ഉളവാകാൻ കാരണം. നാട്ടുകാരുടെ ആശങ്കയെ തുടർന്ന് സജീവ് ജോസഫ് എംഎൽഎ സ്ഥലത്തെത്തി കടുവയെ കണ്ട സ്ഥലവും മറ്റും സന്ദർശിച്ചു. പ്രദേശവാസികളുമായി ചർച്ച നടത്തി. കൂടും നിരീക്ഷണ കാമറയും സ്ഥാപിക്കാൻ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വനം മന്ത്രിക്ക് കത്തും നൽകി.
കടുവയെ പിടികൂടുന്നതിന് അടിയന്തര നടപടി വേണം
കാഞ്ഞിരക്കൊല്ലിയിൽ കാട്ടാനയും കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു. കടുവയെ കണ്ട സാഹചര്യത്തിൽ നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണകൂടങ്ങൾ തയാറാവണമെന്നും അടിയന്തര നടപടി വേണം ഫാ.അലക്സ് നിരപ്പേൽ ആവശ്യപ്പെട്ടു.