ആമസോൺ കാടുകളിലെ തീ പിടുത്തവും ബ്രഹ്മപുരത്തെ തീ പിടുത്തവും താരതമ്യം ചെയ്യാൻ ബിജെപി നേതാക്കളെ പോലെ വിവരം കെട്ടവർക്ക് മാത്രമേ സാധിക്കൂവെന്ന് ഡിവൈഎഫ്ഐ കേരള സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി വി.കെ സനോജ്. നേരത്തെ ഇത് സംബന്ധിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ബ്രഹ്മപുരത്തെ പുക കാരണം മുമ്പ് ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെയൊന്നും കാണാൻ കഴിയുന്നില്ലെന്നായിരുന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പോസ്റ്റ്. ശോഭാ സുരേന്ദ്രനുള്ള മറുപടിയായാണ് വി.കെ സനോജ് പോസ്റ്റിട്ടിരിക്കുന്നത്.
ആമസോൺ കാടുകളിലെ തീ പിടുത്തവും ബ്രഹ്മപുരത്തെ തീ പിടുത്തവും താരതമ്യം ചെയ്യാൻ ബിജെപി നേതാക്കളെ പോലെ വിവരം കെട്ടവർക്ക് മാത്രമേ സാധിക്കൂ.
ആമസോൺ കാടുകളിൽ തീ പിടിച്ചപ്പോൾ പ്രതിഷേധിച്ചത് DYFI മാത്രമല്ല, ലോകത്തെ തീവ്ര വലതുപക്ഷം ഒഴികെയുള്ള ബോധമുള്ള എല്ലാ മനുഷ്യരുമാണ്. കാരണം ഭൂമിയിലെ ഏറ്റവും വലിയ ട്രോപ്പിക്കൽ ഫോറസ്റ്റ് ആയ, ഭൂമിയുടെ കാലാവസ്ഥയേയും അന്തരീക്ഷത്തേയുമൊക്കെ പരിപാലിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന ഒരു നിബിഢ വനമാണ് ആമസോൺ കാടുകൾ. കൂടാതെ അനേകായിരം ജന്തു വൈവിദ്ധ്യങ്ങളുടെയും സസ്യ വൈവിധ്യങ്ങളുടെയും കലവറ കൂടിയാണ് ആമസോൺ കാടുകൾ.
വംശ നാശ ഭീഷണി അടക്കം നേരിടുന്ന സസ്യ – ജന്തു ജീവ ജാലങ്ങളും ജല സ്രോതസുകളും അടങ്ങുന്ന ലക്ഷക്കണക്കിന് ഹെക്ടർ വ്യാപിച്ച നിബിഢ വനം.
അത് തുരന്ന് ഖനനം നടത്തുക എന്നത് ഖനി മാഫിയയുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതിനെ സഹായിക്കുന്ന വണ്ണം മനഃപൂർവ്വം ഒരു കാട്ട് തീ സൃഷ്ടിക്കുകയും ആ തീ ബോധപൂർവ്വം അണക്കാതെ കാടുകൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്ന തീവ്ര വലത് ഭരണ കൂടത്തിന്റെ നയങ്ങൾക്ക് എതിരെയാണ് ലോകം പ്രതിഷേധിച്ചത്.
ആ പ്രതിഷേധത്തിന്റെ കൂടെ ഉത്തരവാദപ്പെട്ട ഒരു സംഘടന എന്ന നിലയിൽ DYFI കൂടി ഭാഗമായത് അഭിമാനപൂർവ്വം തന്നെ ഞങ്ങൾക്ക് പറയാൻ സാധിക്കും. ബ്രസീൽ എംബസിക്ക് മുന്നിൽ പ്രതിഷേധിക്കുക എന്നത് ഒരു മാതൃകാ പ്രതിഷേധമാണ്. യൂണിയൻ ഗവണ്മെന്റ് നയങ്ങൾക്കെതിരെ പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയും സംസ്ഥാന സർക്കാരിനെതിരെ സിവിൽ സ്റ്റേഷൻ ഉപരോധവുമൊക്കെ ഇതുപോലെ പ്രതിഷേധ രൂപങ്ങളാണ്.
ആമസോണിൽ അനേകം ആഴ്ചകൾ കഴിഞ്ഞതിനു ശേഷം ഐക്യ രാഷ്ട്ര സഭ അടക്കം അനേകം ലോക രാജ്യങ്ങളുടെ പ്രഷറിന് ശേഷമാണ് തീയണക്കാനുള്ള ശ്രമങ്ങൾ അന്നത്തെ ബ്രസീലിയൻ പ്രസിഡന്റ് ബോൾസനാരോ ചെയ്തത്. ഒരു തീവ്ര മുതലാളിത്ത സമ്പദ് നയങ്ങൾ പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന നയങ്ങൾക്കെതിരെയാണ് അന്ന് ലോകത്തെ കൊള്ളാവുന്ന എല്ലാ മനുഷ്യരും സംഘടനയും പ്രതിഷേധിച്ചത്.
കൊച്ചി ബ്രഹ്മപുരത്ത് നടന്നത് ഒരു ആക്സിഡന്റാണ്. നഗരത്തിലെ ഒരു മാലിന്യ പ്ലാന്റിൽ നടന്ന തീ പിടുത്തം. ആ തീ അണക്കാൻ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അതോറിറ്റികളും ആ നിമിഷം മുതൽ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം ആയതിനാൽ തന്നെ തീ അണക്കലുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രയാസങ്ങൾ നില നിൽക്കുന്നുണ്ട്. എങ്കിലും എല്ലാ സംവിധാനങ്ങളും ഒരുമിച്ച് തീ അണക്കാൻ പ്രയത്നിക്കുകയാണ്. അല്ലാതെ നഗര മധ്യത്തിൽ പ്ലാസ്റ്റിക് മാലിന്യം കത്താൻ വിട്ട് ബ്രസീലിലെ ഭരണാധികാരിയെ പോലെ ഇതൊന്നും വിഷയമല്ല എന്ന് പറയുക അല്ല ചെയ്തത്.
ഒരാളെ വാഹനമിടിച്ച് മനപ്പൂർവം കൊല്ലാൻ ശ്രമിച്ചാൽ പ്രതിഷേധമുണ്ടാകും എന്നാൽ ഒരു ആക്സിഡന്റിൽ പെട്ട് അതേ ആൾ മരണപ്പെട്ടാൽ ആ പ്രതിഷേധം സാധ്യമല്ല. മനപ്പൂർവം ചെയ്യുന്നതും ആക്സിഡന്റ്റും തമ്മിലുള്ള വ്യത്യാസം മനസിലാകണമെങ്കിൽ മിനിമം ബോധം വേണം.
DYFI ആമസോൺ കാടുകളിലെ തീ പിടുത്തത്തിൽ മാത്രമല്ല CAA വിഷയത്തിലും രാജ്യമൊട്ടുക്കെ പ്രതിഷേധിച്ചിട്ടുണ്ട്. ആ DYFI നേതാക്കളും ഇന്ന് സർക്കാരിന്റെ ഭാഗമായുണ്ട്. ഈ രാഷ്ട്രീയം മനസിലാകാത്തത് കൊണ്ടാണ് കേരളത്തിൽ അപഹാസ്യമായ കൂട്ടമായി ഈ നേതാക്കൾ ഒതുങ്ങി പോയതും.
വി.കെ സനോജ്