മുസ്ലിം വിവാഹത്തിന് വേദിയായി ഹിന്ദു ക്ഷേത്രം. ഷിംലയില്‍ സ്ഥിതി ചെയ്യുന്ന സത്യനാരായണ ക്ഷേത്രമാണ് മുസ്ലിം വിവാഹത്തിന് അപൂര്‍വ്വ വേദിയായി മാറിയത്. ക്ഷേത്രത്തിന്റെ തൊട്ടടുത്ത് മുസ്ലിം പള്ളിയുണ്ടെങ്കിലും വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു
സിവില്‍ എന്‍ജിനീയറായ വരന്റെയും എംടെക് കാരിയായ വധുവിന്റെയും വിവാഹത്തിന് ഹിന്ദു സംഘടനകള്‍ പിന്തുണ നല്‍കിയെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും പറഞ്ഞു. രണ്ട് അഭിഭാഷകരുടെയും രണ്ട് സാക്ഷികളുടെയും സാന്നിധ്യത്തില്‍ മൗലവിയാണ് വിവാഹം നടത്തിയത്. വരനെയും സംഘത്തെയും നിക്കാഹ് ചടങ്ങിലേക്ക് ഹൈന്ദവ ആചാര പ്രകാരം സ്വീകരിക്കുകയും ചെയ്തു.
ക്ഷേത്രം നിയന്ത്രിക്കുന്നത് വിഎച്ച്പിയാണെന്നും ആര്‍എസ്എസ് ഓഫീസും ക്ഷേത്ര സമുച്ചയത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വിനയ് ശര്‍മ പറഞ്ഞു.
ആര്‍എസ്എസ് പലപ്പോഴും മുസ്ലീം വിരുദ്ധമാണെന്ന് ആരോപിക്കപ്പെടുന്നതിനാല്‍ വിവാഹ ചടങ്ങ് സാമുദായിക സൗഹാര്ദ്ദത്തിലേക്കുള്ള ഒരു സുപ്രധാന നീക്കമായിരുന്നു. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ ഉദാഹരണമാണിത്. എല്ലാ മതത്തില്‍പ്പെട്ടവരും വിവാഹത്തില്‍ പങ്കെടുത്തതായും വധുവിന്റെ പിതാവ് പറഞ്ഞു.