ഓരോ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് പോകാനാണ് ജീവിതം നമ്മളെ പഠിപ്പിക്കുന്നത്.. ഈ യാത്രയിൽ നമുക്ക് പൂർത്തിയാക്കാൻ നിരവധി സ്വപനങ്ങളും ഉണ്ട്. സ്വപ്നങ്ങൾ എപ്പോഴും സാക്ഷാത്കരിക്കാനുള്ളതാണ്. അത് യാഥാർത്ഥ്യമാക്കാനുള്ള പൂർണ്ണമായ നിശ്ചയദാർഢ്യവും മനോബലവും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയിലും ഒന്നും അതിന് തടസമാകില്ല. തപ്സി ഉപാധ്യായ എന്ന പെൺകുട്ടിയുടെ ജീവിതം അതിന് ഉദാഹരണമാണ്. ബിടെക് പാനി പുരി വാലി എന്നാണ് ഈ 21കാരി അറിയപ്പെടുന്നത്.
ആർ യു ഹംഗ്രി എന്ന ഇൻസ്റ്റാഗ്രാം പേജ് പോസ്റ്റ് ചെയ്ത ഒരു വൈറൽ വിഡിയോയിൽ, തപ്സി, റോയൽ എൻഫീൽഡ് മോട്ടോർ ബൈക്കിൽ പാനി പൂരി സ്റ്റാളിട്ട് ഓടിക്കുന്നത് കാണാം. ഡൽഹിയിലെ തിലക് നഗറിലാണ് ഈ യുവസംരംഭകയുടെ ഗോൾഗപ്പ സ്റ്റാൾ സ്ഥിതി ചെയ്യുന്നത്. വൈറൽ വിഡിയോയിൽ, യുവതി എയർ-ഫ്രൈ ചെയ്ത പാനി പൂരി, ഇംലി, ഖജൂർ, ശർക്കര എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ ചട്ണി എന്നിവയൊക്കെ കാണിക്കുന്നുണ്ട്.
ഇതുവരെ അഞ്ച് മില്യൺ കാഴ്ചക്കാരാണ് വിഡിയോ കണ്ടിരിക്കുന്നത്. ബിടെക്കിൽ ബിരുദം പൂർത്തിയാക്കിയ ഉടൻ തന്നെ തപ്സി തന്റെ ബിസിനസ്സ് ആരംഭിച്ചു. അതേസമയം, ജോലിയുടെ കാര്യത്തിലാണെങ്കിൽ പോലും ഉയർന്ന ശമ്പളം വേണ്ടെന്ന് വെച്ച് മനസിന് സന്തോഷം തരുന്നത് കണ്ടെത്തി വിജയം കൈവരിച്ചവരുടെ ധാരാളം കഥകൾ നമുക്ക് ചുറ്റുമുണ്ട്.