പരസ്യ പ്രസ്താവനയിൽ നോട്ടിസ് നൽകിയ കെപിസിസി നേത്യത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എം പി. ലോക് സഭയിലേക്കോ നിയമസഭയിലേക്കോ ഇനി മത്സരിക്കാനില്ലെന്നും നോട്ടീസ് നൽകിയത് ബോധപൂർവം അപമാനിക്കാനുള്ള ശ്രമാണെന്നും മുരളീധരൻ തുറന്നടിച്ചു. അതേസമയം വിമർശനങ്ങളോട് പ്രതികരിക്കാൻ കെ സുധാകരൻ തയ്യാറായില്ല.
പരസ്യപ്രസ്താവനയിൽ കെപിസിസിനെ നേതൃത്വത്തിന്റെ നോട്ടീസിനെതിരെ നിലപാട് കടുപ്പിച്ചായിരുന്നു മുരളീധരന്റെ പ്രതികരണം. നേതൃത്വത്തിനെതിരെ തുറന്നടിക്കുക മാത്രമല്ല സമ്മർദ്ദത്തിലാക്കുക കൂടിയാണ് മുരളീധരൻ . നോട്ടീസ് നൽകിയത് ബോധപൂർവ്വം അപമാനിക്കാനാണെന്ന് പ്രതികരിച്ച മുരളീധരൻ ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി
അഭിപ്രായം പറയാൻ കഴിയുന്ന വേദികളായ രാഷ്ട്രീയ കാര്യസമിതിയും നിർവാഹക സമിതിയും ചേർന്നിട്ട് കുറെ കാലമായി. രണ്ട് എം പി മാരെ പിണക്കിയത് നല്ലതിനല്ലെന്നും മുരളിധരൻ മുന്നറിയിപ്പ് നൽകി.കെ മുരളീധരന്റെ വിമർശനത്തോട് ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് കെ സുധാകരൻ പറഞ്ഞു. സംഘടനാ പ്രശ്നങ്ങൾ കെപിസിസി പരിഹരിക്കുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാർട്ടിയിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നും എം കെ രാഘവൻ പരസ്യമായി വിമർശിച്ചിരുന്നു. ഈ പരാമർശത്തെ കെ മുരളീധരൻ പിന്തുണച്ചതിന് പിന്നാലെയാണ് രണ്ട് എംപിമാർക്കും കെപിസിസി നേതൃത്വം പരസ്യ പ്രസ്ഥാവന വിലക്കി കത്ത് നൽകിയത്