മുംബൈ: മഹാരാഷ്ട്രയിലെ അഹമദ്നഗറിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരൻ മരിച്ചു. സാഗര്‍ ബുദ്ധ ബരേല എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്. ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി കുട്ടി മരിച്ചത്.
200 അടി താഴ്ചയുള്ള, മൂടിയില്ലാത്ത കുഴൽക്കിണറിലേക്കാണ് കുട്ടി കാൽവഴുതി വീണത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 15 അടി താഴ്ചയിൽ കുടുങ്ങിയിരുന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ദുരന്തനിവാരണ സേന. മധ്യപ്രദേശിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തിയവരാണ് സാഗറിന്റെ കുടുംബം. കരിമ്പ് വെട്ടുന്ന ജോലി ചെയ്തുവരികയാണ് സാഗറിന്റെ മാതാപിതാക്കൾ.
ഈ വർഷം ജനുവരിയിൽ ഉത്തർപ്രദേശിലെ ഹാപൂരിൽ സമാനരീതിയിൽ കുഴൽക്കിണറിൽ കുടുങ്ങിപ്പോയ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. പറമ്പിൽ കളിച്ചുകൊണ്ടിരുന്നതിനിടെ കാൽവഴുതി മൂടിയില്ലാത്ത കുഴൽകിണറിലേക്ക് കുട്ടി വീഴുകയായിരുന്നു. നാല് മണിക്കൂറെടുത്താണ് എൻഡിആർഎഫ് സംഘം അന്ന് രക്ഷാദൗത്യം വിജയിപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലും ജൂണിലും കുട്ടികൾ കുഴൽക്കിണറിൽ വീണതും രക്ഷപ്പെടുത്തിയടും വാർത്തയായിരുന്നു.
2006ലാണ് കുഴൽക്കിണറിൽ വീണ് കുടുങ്ങിപ്പോയ ഒരു കുട്ടിയുടെ വാർത്ത ആദ്യമായി ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രയിലായിരുന്നു സംഭവം. പ്രിൻസ് എന്നായിരുന്നു കുട്ടിയുടെ പേര്. അന്ന് മാധ്യമങ്ങൾ രക്ഷാദൗത്യം തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമം ഫലം കാണാതായതോടെ കുഴൽക്കിണറിനു സമീപം മറ്റൊരു കുഴിയെടുത്ത് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് രണ്ട് കുഴികളെയും ബന്ധിപ്പിച്ചാണ് കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ഇതിനായി മൂന്നടി വ്യാസമുള്ള പൈപ്പുകളാണ് ഉപയോഗിച്ചത്. ആദ്യമായാണ് കുഴൽക്കിണറിൽ വീണ കുട്ടി രക്ഷപ്പെടുന്നത് എന്നതിനാൽ തന്നെ സംഭവം വലിയ ചർച്ചയായിരുന്നു. അതിനു മുമ്പ് ഏഴ് കുട്ടികൾ രാജ്യത്ത് കുഴൽക്കിണറുകളിൽ വീണ് മരിച്ചിരുന്നതായാണ് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ഡാറ്റ പറയുന്നത്.