ഇ.പി ജയരാജന്റെ പ്രസ്താവനയെ പിന്തുണച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വിമർശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ? വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ? എന്നായിരുന്നു ഷാഫി ഫേസ്ബുക്കിലൂടെ ചോദിച്ചത്.
പാലക്കാട് എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ എത്തിയപ്പോള്‍ ചുവന്ന മുണ്ടും വെളുത്ത ഷര്‍ട്ടും ധരിച്ചെത്തിയ ഒരു കൂട്ടം പെണ്‍കുട്ടികളുടെ കൂടെ നിന്ന് എം വി ഗോവിന്ദന് ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഷാഫിയുടെ ചോദ്യം.
ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു”- ഇ പി ജയരാജൻ
“ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും ?”-
എം വി ഗോവിന്ദൻ
പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ?
വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ?
അതേസമയം പെൺകുട്ടികളെ ഷർട്ടും പാന്റും ധരിപ്പിച്ച് ആൺകുട്ടികളായി തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയാണെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി.പൊലീസ് തിരിച്ചറിഞ്ഞില്ല എന്നാണ് ഇ പി പറഞ്ഞതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പെൺകുട്ടികൾക്ക് ഏത് വസ്ത്രവും ധരിക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇപി പറഞ്ഞത് പൊലീസ് തിരിച്ചറിഞ്ഞില്ല എന്നതാണ്. അത് സ്വാഭാവിക പ്രതികരണമാണ്. പെണ്‍കുട്ടികള്‍ക്ക് ഒരു വസ്ത്രം മാത്രമേ ധരിക്കാനാകൂ എന്ന പൊതുബോധം മാറണമെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കടുത്ത ശത്രു ആര്‍എസ്എസ് ആണെന്നും കോണ്‍ഗ്രസും ഇതേ സമീപനം സ്വീകരിച്ചു പോന്നവരാണെന്നും സിപിഐഎം സെക്രട്ടറി ആരോപിച്ചു.