ചരിത്രം അറിയുക എന്നത് എന്നും ഒരു ഹരമാണ്, അത് പ്രിയപ്പെട്ട ഒന്നിന്റെ കൂടി ആവുമ്പോള്‍ പിന്നെ പറയേണ്ട അതൊരു ആവേശമാവും അല്ലേ...
തലശ്ശേരി-ഇരിട്ടി ബസ് സര്‍വ്വീസ് ചരിത്രത്തിന്റെ ചെറിയൊരു ഭാഗം എല്ലാവർക്കുമായി പങ്കുവെക്കുന്നു.
കണ്ണൂര്‍, പട്ടണമായി ഉയർന്ന് വരുന്നതിന് മുന്നേ തന്നെ തലശ്ശേരി എന്തായിരുന്നു എന്നും തലശ്ശേരിയുടെ പ്രതാപം എന്തായിരുന്നു എന്നും മലബാറില്‍ തലശ്ശേരിക്ക് ഉള്ള പ്രാധാന്യം എന്തായിരുന്നു എന്നും ചരിത്രങ്ങളില്‍നിന്ന് വ്യക്തമാണ്... അങ്ങനെ ഉള്ള തലശ്ശേരിയുമായി ഒരു ഉള്‍നാടിനെയും അവിടത്തെ സാധാരണ ജനങ്ങളെയും എളുപ്പം ബന്ധിപ്പിക്കണം എങ്കിൽ അതിൽ തീര്‍ച്ചയായും വ്യക്തിപരമായും സാമൂഹ്യപരമായും ഒരു മുന്നേറ്റം നടന്നിരിക്കണം..
ആ മുന്നേറ്റം കൂടി ഈ ചെറിയ ചരിത്ര വിവരണത്തില്‍ ഉള്‍പ്പെടുത്താതെ പോയാൽ തീര്‍ച്ചയായും ആ ബസ് ചരിത്രവും ബസ് റൂട്ട് ചരിത്രവും അപൂര്‍ണ്ണമായിപ്പോവും.
1930 ലാണ് ആദ്യമായി വള്ളിത്തോടിൽ ബസ് എത്തിയത്. ബ്രിട്ടനിലെ ബെഡ് ഫോഡ് കമ്പനി നിർമ്മിച്ച് മദ്രാസ് തുറമുഖത്ത് കപ്പലിറങ്ങിയ ബസ് ബ്രിട്ടീഷ് മലബാറിലെ തലശ്ശേരിയിൽ പത്തേമാരിയിൽ കയറ്റി എത്തിക്കുകയായിരുന്നു. ഡീസലിന് പകരം മരക്കരി (charcoal) ആയിരുന്നു ഇന്ധനം:: മുൻഭാഗം ലോറി പോലെ പതിഞ്ഞ രൂപത്തിലായിരുന്നു ഈ ബസ്. "കല്യാട് മോട്ടോർസ്" എന്നായിരുന്നു ഈ ബസിൻ്റെ പേര്.തലശ്ശേരി-കുന്നോത്ത് ആയിരുന്നു ഔദ്യോഗിക റൂട്ട് പേര്: ഈ റൂട്ട് അനുവദിച്ചു കിട്ടാൻ 16 രൂപ ഫീസായി കെട്ടിയെന്നും കലക്ടർ സായി വിന് കാഴ്ചയായി ഒരു പവൻ സ്വർണ്ണം സമർപ്പിച്ചുവെന്നും ഇത് ബ്രിട്ടീഷ് ഖജനാവിലേക്ക് മുതൽകൂട്ടാക്കിയെന്നും പഴയ ബ്രിട്ടീഷ് രേഖകളിൽ കാണുന്നു.: കൂടാതെ ബസ് ഇറക്കുമതി ചെയ്ത വകയിൽ 22 രൂപ നികുതിയായും സർക്കാരിൽ ലഭിച്ചത്രെ.....! അക്കാലത്തെ തലശ്ശേരി ബ്രിട്ടീഷ് ആസ്ഥാനത്തേക്കാവശ്യമായ പാൽ, തൈര്, വെണ്ണ, നെയ്യ് മുതലായവ കുന്നോത്ത് "നിങ്കിലേരി ഡയറി" യിൽ നിന്നായിരുന്നുഎത്തിച്ചിരുന്നത് ... യഥാസമയത്ത് ഇവ എത്തിക്കുകയായിരുന്നു പ്രധാന ലക്ഷ്യം: യാത്രക്കാരും ധാരാളമായിരുന്നു.:: അര അണ (3 പൈസ ) ആയിരുന്നു മിനിമം ചാർജ്: വള്ളിത്തോട്ടിലെ കൂപ്പ് തൊഴിലാളികളും പുനം കൃഷിക്കാരും കൂത്ത്പറമ്പ് ഭാഗത്തേക്ക് പോകാൻ ഈ ബസ് ഉപയോഗപ്പെടുത്തി: അക്കാലത്ത് തലശ്ശേരി മുതൽ കൂത്ത്പറമ്പ് വരെ ടാർ റോഡായിരുന്നു. ബാക്കി കല്ല് പതിച്ച നിരത്തായിരുന്നു. വള്ളിത്തോട്ടിൽ നിന്നും പുലർച്ചെ പുറപ്പെടുന്ന ബസ് ഉച്ചയോടെ തിരിച്ചെത്തും. വീണ്ടും യാത്ര തുടർന്ന് വൈകി മടങ്ങി എത്തും: കുന്നോത്ത് നിങ്കി ലേരി ഷെഡിലായിരുന്നു പാർക്കിങ് .ബസ് ലാഭകരമായിരുന്നു എന്ന് പറയപ്പെടുന്നു.ഇന്ധനമായ മരക്കരി നിങ്കിലേരി വനത്തിൽ സുലഭമായിരുന്നു. ധാരാളം യാത്രക്കാരെയും കിട്ടിയിരുന്നു.:
വള്ളിത്തോടിൽ ആദ്യമായി കടൽ മത്സ്യം (പച്ച മീൻ ) എത്തിച്ചത് ഈ ബസിലായിരുന്നു." വള്ളിത്തോടിനെ തലശ്ശേരിയുമായി ബന്ധിപ്പിച്ച വളരെ ജനോപകാരിയായ ബസ് സർവ്വീസായിരുന്നു ഇത്. നിങ്കിലേരി നാരായണൻ നമ്പ്യാർ' എന്ന പൗരപ്രമുഖനായിരുന്നു ഈ ബസിൻ്റെ ഉടമ.
ബസ് ഉടമ നിങ്കിലേരി നാരായണൻ നമ്പ്യാർ കാലത്തിന് മുമ്പേ നടന്ന ദീർഘവീക്ഷണം പുലർത്തിയ പ്രതിഭാധനനായ മനുഷ്യനായിരുന്നു. ഇദ്ദേഹം മദ്രാസ് കൃസ്ത്യൻ കോളജിൽ നിന്ന് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയായിരുന്നു. 1918 ൽ അദ്ദേഹം കുന്നോത്ത് താമസമാക്കിയതായി അറിയുന്നു.... 1925ൽ വള്ളിത്തോട് സ്ഥാപിതമായ, ബ്രിട്ടീഷ് കമ്പനിയായ, ഇംപീരിയൽ ഓയിൽ കമ്പനിയുടെ സംഘാടകരിൽ ഒരാളായിരുന്നു ( കമ്പനി ലിക്വിഡേറ്റ് ചെയപ്പെട്ടു ) അന്ന് മൈസൂർ സെൻട്രൽ ബാങ്ക് ലേലത്തിൽ വിറ്റ ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമിച്ച ബംഗ്ലാവ് വിലക്കെടുത്തത് അദ്ദേഹമായിരുന്നു. വള്ളിത്തോടിനെ വ്യവസായ നഗരമാക്കാൻ സ്വപ്നം കണ്ട മഹാനായിരുന്നു അദ്ദേഹം. വള്ളിത്തോട്ടിൽ സുലഭമായി ലഭിച്ച പച്ചക്കപ്പ അരച്ച് പാകപ്പെടുത്തി സ്റ്റാർച്ചാക്കി കയറ്റുമതി ചെയ്തുഅദ്ദേഹം. അതിനായിമോഡേൺസ്റ്റാർച്ച് ഫാക്ടറി ആരംഭിച്ചു. സ്വന്തമായി ഡയറി ഫാം കണ്ണൂരിലും കുന്നോത്തും സ്ഥാപിച്ചു: കുന്നോത്തെ ഡയറി പിൽകാലത്ത് നമ്പീശനെ ഏൽപിച്ചു . ഇതാണ് ഇപ്പോൾ ചെന്നെ ആ സ്ഥാനമായ "നമ്പീശൻസ് ഡയറി"ആയിപ്രശസ്തമായത്: കുന്നോത്ത് മരമില്ല് സ്ഥാപിക്കുകയും മരം അറുത്ത് റെയിൽവേ സ്ലിപ്പർ ഉണ്ടാക്കി കയറ്റുകയും ചെയ്തു.:
അക്കാലത്തെ പ്രമുഖ വ്യക്തികളുമായി സൗഹൃദത്തിലായിരുന്നു അദ്ദേഹം.1915 ലെ മലബാർ സെഷൻസ് ജഡ്ജി അദ്ദേഹത്തിൻ്റെ പിതാമഹനായിരുന്നു. കോഴിക്കോട് കലക്ടർ തോമസ് സായ്പ്;പോലീസ് ജനറൽഹിച്ച്കോക്ക് സായ്പ്, ആദ്യത്തെ ഇന്ത്യൻ കരസേനാധിപൻ ജനറൽ കരിയപ്പ തുടങ്ങിയവരെല്ലാം അദ്ദേഹത്തിൻ്റെ സുഹൃത്ത് ക്കളായിരുന്നു. വള്ളിത്തോടിനെ ആധുനികവൽക്കരിക്കുന്നതിന്സാധ്യമായതെല്ലാംഅദ്ദേഹം ചെയ്തു.കിളിയന്തറ പോസ്റ്റാഫീസ് അനുവദിക്കുന്നതിലും അദ്ദേഹത്തിൻ്റെ അധ്വാനം ഉണ്ട്. വള്ളിത്തോട്ടിൽ ഉചിതമായ ഒരു സ്മാരകം ആ ക്രാന്തദർശിക്ക് ഇല്ല എന്നത് ഒരു വലിയ കുറവ് തന്നെയാണ്.
1950 ൽ വള്ളിത്തോട് റോഡ് ടാർ ചെയ്തതോടെ ബസ് ഗതാഗതം സുഗമമായി 'CT.നാരായണൻ നമ്പ്യാർ SRMS എന്ന പേരിൽ ബസ് ഇറക്കി.വള്ളിത്തോട് തലശ്ശേരി റൂട്ട്.പിന്നാലെ MRട മോട്ടോർസും വന്നു. വള്ളിത്തോട് - ഇരിട്ടി - നെടുംപൊയിൽ - കൂത്ത്പറമ്പ് തലശ്ശേരി റൂട്ട്. ഈ ബസ് പിൽക്കാലത്ത്. റൂട്ട് പരിഷ്കരിച്ച് മട്ടന്നൂർ തലശ്ശേരി വഴിയായി. ഇതേ ബസാണ് പിന്നീട് കോളിത്തട്ടിലേക്ക് റൂട്ട് നീട്ടിയത്. ബസുകൾ പിന്നെ പലതും വന്നു. MPC, MRS എന്നിവയായി രുന്നു പ്രധാന ബസ് കമ്പനികൾ: ഇന്ന് വള്ളിത്തോട്ടിലൂടെ സർവീസ് നടത്തുന്ന ഏറ്റവും പഴക്കമുള്ള ബസ് കമ്പനി ലക്ഷ്മി ട്രാൻസ്പോർട്ടാണ്. കാലം ഏറെ കടന്നു പോയി. വീടുകൾ തോറും വാഹനങ്ങൾ ഉള്ള പുതിയ തലമുറക്ക് ബസ് സർവ്വീസ് ഒരു വിഷയമേ അല്ല.. 'എങ്കിലും വള്ളിത്തോടിൻ്റെ ആദ്യത്തെ പൊതുഗതാഗത വാഹനമായ "കല്യാട് മോട്ടോർസ് " ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത ഒരു മഹാ സേവനമായിരുന്നു എന്നതാണ് സത്യം.