വെറും ഒമ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കോറൽ സാഞ്ചസ് എന്ന പെൺകുട്ടിയുടെ മുഖത്ത് ആദ്യമായി താടിരോമങ്ങൾ പ്രത്യക്ഷപ്പെട്ടത്. അന്ന് മുതൽ അവൾക്ക് പുറത്തിറങ്ങുമ്പോൾ അത് ഷേവ് ചെയ്ത് നീക്കേണ്ടി വന്നു. അതിന്റെ പേരിൽ അവൾ അനുഭവിച്ച പ്രയാസം ചെറുതായിരുന്നില്ല. എന്നാൽ, ഇപ്പോൾ 29 -കാരിയായ വാഷിംഗ്ടണിലുള്ള കോറൽ തന്റെ താടിരോമങ്ങൾ ഷേവ് ചെയ്യാറില്ല.
നന്നെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ മറ്റുള്ളവർ ഒറ്റപ്പെടുത്തുമോ എന്ന ഭയം കൊണ്ട് അവൾക്ക് തന്റെ താടിരോമങ്ങൾ ഷേവ് ചെയ്ത് നീക്കേണ്ടി വന്നു. ഹിർസുറ്റിസം എന്ന അവസ്ഥയെ തുടർന്നായിരുന്നു കോറലിന്റെ മുഖത്ത് താടിരോമങ്ങൾ വളർന്നിരുന്നത്. അത് നീക്കം ചെയ്യാതെ പോയാൽ തന്നെ മറ്റുള്ളവർ പരിഹസിക്കുമോ, അവഗണിക്കുമോ, ഒറ്റപ്പെടുത്തുമോ എന്നൊക്കെ ഉള്ള ചിന്ത അവളിൽ ഉണ്ടായിരുന്നു.
അവൾ ആരുമായും അധികം അടുത്തില്ല. മറ്റുള്ളവരിൽ നിന്നും തനിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ട് എന്നതും അവൾ മറച്ചുവച്ചു. എന്തിന് നാല് വർഷത്തോളം പ്രേമിച്ച പഴയ കാമുകനിൽ നിന്നു പോലും അവൾ അത് മറച്ചുവച്ചു. എന്നാൽ, 26 -ാമത്തെ വയസിൽ അവൾക്ക് താമസിക്കാൻ ഒരിടമില്ലാത്ത അവസ്ഥ വന്നു. താമസം കാറിനകത്തായി. ആ സമയത്ത് ഷേവ് ചെയ്യുക എന്നത് വളരെ പ്രയാസകരമായിരുന്നു. അന്നാണ് എന്തിനാണ് ഇങ്ങനെ ദിവസവും ഷേവ് ചെയ്യുന്നത്, താടിരോമം വളർത്തിയാൽ എന്താണ് കുഴപ്പം എന്ന് അവൾ ചിന്തിക്കുന്നത്. അങ്ങനെ അവൾ ഷേവ് ചെയ്യുന്നത് അവസാനിപ്പിച്ചു.
നാല് വർഷമായി ഇല്ല്യാസ് ക്ലാർക്ക് എന്ന 25 -കാരനുമായി അവൾ പ്രണയത്തിലാണ്. 'നിനക്ക് താടിരോമം ഉള്ളതൊന്നും എന്നെ ബാധിക്കില്ല. നീ എപ്പോഴും സുന്ദരിയാണ്. നീ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കുക' എന്നായിരുന്നു ഇല്ല്യാസിന് കോറലിനോട് പറയാനുണ്ടായിരുന്നത്. ഇപ്പോൾ തന്റെ താടിയിലും ലുക്കിലും ഹാപ്പിയാണ് കോറൽ.