വർക്കല പൊലീസിനെതിരെ ഗുരുതര ആക്ഷേപവുമായി വീട്ടമ്മ. രാത്രിയിൽ പരാതിയുമായെത്തിയ വീട്ടമ്മയെ സ്റ്റേഷനിൽ നിന്നിറക്കി വിട്ടതായാണ് പരാതി. കനാൽ പുറമ്പോക്കിൽ താമസിക്കുന്നത് പരിഹസിച്ചെന്നും വീട്ടമ്മ പറഞ്ഞു.
ഫെബ്രുവരി 28ന് രാത്രി മകന്റെ പ്രായമുള്ള സമീപവാസി ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. ആ രാത്രിയിൽ തന്നെ സഹോദരിയേയും കൂട്ടി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ആ സമയത്ത് പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. ‘പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇറങ്ങ് , ഇറങ്ങ് എന്ന് പറഞ്ഞു. പറയുന്നതെന്തണെന്ന് കേൾക്കാൻ പോലും നിന്നില്ല. കനാൽ പുറമ്പോക്കിൽ താമസിക്കുന്നതിന് കളിയാക്കുകയും ചെയ്തു.
അതിക്രമം കാട്ടി ദേഹത്തു മുറിവേൽപ്പിച്ച ആളെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു. ആരോപണ വിധേയനെ പിടികൂടി കൊണ്ട് വരാൻ പരാതിക്കാരിയോട് പറഞ്ഞു പ്രതിയെ ആശുപത്രിയിലെത്തിക്കാൻ പരാതിക്കാരിയോട് പൊലീസ് നിർദ്ദേശിച്ചു. ആശുപത്രിയിലെത്തിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പുലർച്ചെ തിരിച്ചു സ്റ്റേഷനിലെത്തിയ വീട്ടമ്മയെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ പരിഹസിച്ചുവെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.
തുടർന്ന് വീട്ടമ്മ വർക്കല ഡിവൈഎസ്പിക്ക് പരാതി നൽകി. വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചെന്ന് ഡിവൈഎസ്പി അറിയിച്ചു. മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും വീട്ടമ്മ പറഞ്ഞു.