ആര്‍എസ്എസിന്റെ ശാഖകളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ശാഖ പുരുഷന്മാര്ക്ക് പ്രവര്‍ത്തിക്കാനുള്ളതാണ്. അവര്‍ക്ക് വേണ്ടി മാത്രമായി രാവിലെയും രാത്രികളിലുമൊക്കെ അസംബ്ലികളുണ്ട്. സ്ത്രീകളെ ശാഖകളില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും സംഘടനാ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
ആര്‍എസ്എസ് ശാഖകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പോകുകയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അല്ലെന്ന് പ്രതികരണം.
മൂന്ന് മാസം കൂടുമ്പോള്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഗ്രഹസ്ഥ കാര്യകര്ത്താസിന്റെ ഒരു ശാഖയ്ക്ക് രൂപം കൊടുക്കാന്‍ ആലോചിക്കുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് കണക്കിലെടുത്താണ് ഇത് തീരുമാനിച്ചതെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
അതേസമയം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഭരണഘടന പ്രകാരം സ്ഥാപിക്കേണ്ടതില്ലെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു. ഹിന്ദു രാഷ്ട്രം ഒരു സാംസ്കാരിക ആശയമാണെന്നും രാഷ്ട്രവും രാജ്യവും രണ്ട് വ്യത്യസ്ത തലങ്ങളാണെന്നുമായിരുന്നു ദത്താത്രേയയുടെ പ്രസ്താവന.