തൃശ്ശൂർ: തൃപ്രയാറിൽ വാഹനപകടത്തിൽ ചെന്ത്രാപ്പിന്നി സ്വദേശിയായ അധ്യാപിക മരിച്ചു. തൃപ്രയാർ ലെമെർ പബ്ലിക് സ്കൂളിലെ അധ്യാപികയായ നാസിനിയാണ് മരിച്ചത്. ചെന്ത്രാപ്പിന്നി സ്വദേശി മൂന്നാക്കപ്പറമ്പിൽ ഫൈസലിന്റെ ഭാര്യയാണ്. 35 വയസായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിച്ചതിനെ തുടർന്ന് റോഡിൽ വീഴുകയായിരുന്നു. ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ നാസിനി മരണത്തിന് കീഴടങ്ങി. ഇന്നു രാവിലെ ഏട്ട് മണിയോടെയാണ് സംഭവം. തൃപ്രയാർ സെന്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം നടന്നത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ തേനിക്കടുത്തുണ്ടായ മറ്റൊരു വാഹനാപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ട് പേർ മരിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കോട്ടയത്ത് നിന്ന് വാഗൺ ആർ കാറിൽ തേനി പിന്നിട്ട് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു സംഘം. കോയമ്പത്തൂരിൽ നിന്ന് തേനി ഭാഗത്തേക്ക് ഇന്റർലോക്ക് കല്ലുകളുമായി പോവുകയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ലോറിയിലാണ് കാർ ഇടിച്ചത്. പിന്നിലെ ടയർ പൊട്ടിത്തെറിച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് വിവരം. കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാൾ കോട്ടയം വടവാതൂർ സ്വദേശി അനന്ദു വി രാജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.