പാലക്കാട് പട്ടാമ്പിയിൽ നേർച്ചയ്ക്കിടെ കൂട്ടത്തല്ല്. കാസിനോസ്, കമാൻ്റോസ് എന്നീ ആഘോഷ കമ്മിറ്റികൾ തമ്മിലാണ് കൂട്ടയടി നടന്നത്. വിഷയം പരിഹരിക്കാനെത്തിയ പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകീട്ടാണ് പട്ടാമ്പി നേർച്ചയ്ക്കിടെ നടുറോഡിൽ കൂട്ടയടി നടന്നത്. നേർച്ചയുടെ ഭാഗമായി നഗരപ്രദക്ഷിണം നടക്കുമ്പോഴായിരുന്നു സംഘർഷം. കാസിനോസ്, കമാൻ്റോസ് എന്നീ ആഘോഷ കമ്മിറ്റികളിലെ അംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇത് തടയാൻ എത്തിയ മലപ്പുറം എംഎസ്പി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കണ്ടാൽ അറിയാവുന്ന പത്തു പേർക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. മുൻവർഷങ്ങളിലും സമാനമായ രീതിയിൽ സംഘങ്ങൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തവണ സംഘർഷം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ആഘോഷ കമ്മിറ്റി അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല് നടന്നത്.